KeralaNews

പിടിപാടുണ്ടോ ഫോണ്‍ പോലീസ് ചോര്‍ത്തി നല്‍കും! മോന്‍സന്റെ ഓഡിയോ ക്ലിപ്പ് ഞെട്ടിക്കുന്നത്

കോഴിക്കോട്: സ്മാര്‍ട്ട് ഫോണിനകത്തു സമര്‍ഥമായി നുഴഞ്ഞുകയറി വിവരങ്ങളെല്ലാം ചോര്‍ത്തുന്ന പെഗാസസ് സോഫ്റ്റ്വയറിനു സമാനമായ രീതിയില്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഇഷ്ടക്കാര്‍ക്കു ചോര്‍ത്തി നല്‍കാന്‍ പോലീസില്‍ ചാരന്‍മാരെന്നു സൂചന. ആരുടെയും ഫോണ്‍ കോളുകള്‍ ‘പിടിപാടുണ്ടെങ്കില്‍’ ലഭ്യമാക്കുന്നതിനു പോലീസില്‍ ഒറ്റുകാരുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ദേശസുരക്ഷയെയും വ്യക്തികളുടെ സ്വകാര്യതയെയും ബാധിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരന്‍മാരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പോലീസിലെ ഒറ്റുകാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുരാവസ്തു വില്‍പനയുടെ മറവില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായതോടെയാണ് സംസ്ഥാനത്തു ഫോണ്‍ വിവരങ്ങള്‍ക്കു സുരക്ഷിതത്വമില്ലെന്ന ആശങ്ക പടര്‍ന്നത്.

ഒരു വ്യക്തി ആര്‍ക്കെല്ലാം ഫോണ്‍ ചെയ്തുവെന്നതും ആരെല്ലാം ആ ഫോണിലേക്കു തിരിച്ചുവിളിച്ചുവെന്നതും വ്യക്തമാക്കുന്ന കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡ് (സിഡിആര്‍ ) സംഘടിപ്പിച്ചു നല്‍കാമെന്നാണ് മോന്‍സന്‍ പരാതിക്കാരന് ഉറപ്പു നല്‍കിയത്. സാധാരണ നിലയില്‍ സിഡിആര്‍ ലഭിക്കുന്നതു പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടു കൂടിയാണ് മൊബൈല്‍ കമ്പനി അധികൃതരില്‍നിന്നു സൈബര്‍ സെല്‍ വഴി സിഡിആര്‍ സംഘടിപ്പിക്കുന്നത്. ഇത്തരം നടപടികള്‍ വഴി മാത്രം ലഭിക്കുന്ന സിഡിആര്‍ യഥേഷ്ടം മോന്‍സന്‍ സംഘടിപ്പിച്ചിരുന്നു. ഇതു പോലീസ് സഹായത്തോടെയാണെന്നാണ് സംശയിക്കുന്നത്.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും വ്യാപകമായി ചോര്‍ത്തി നല്‍കാനും ചാരന്‍മാര്‍ തയാറായുണ്ട്. പരാതിക്കാര്‍ ഒരുക്കിയ വലയില്‍ വീണ മോന്‍സന്‍ ഇക്കാര്യവും വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരില്‍ ഒരാള്‍ ബോധപൂര്‍വം ചില പെണ്‍കുട്ടികളുടെ നമ്പര്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചെയ്തു നല്‍കാമെന്നും മോന്‍സന്‍ ഉറപ്പുനല്‍കുന്നുണ്ട്. പെണ്‍കുട്ടികളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുക വഴി അവര്‍ ആരെല്ലാമായി സംസാരിച്ചുവെന്നും എത്ര സമയം സംസാരിച്ചുവെന്നുമെല്ലാം ലഭിക്കുകയും അതുവഴി ബ്ലാക്ക്മെയിലിംഗ് ഉള്‍പ്പെടെയുള്ള ചതികളില്‍ പെണ്‍കുട്ടികള്‍ വീഴാനും സാധ്യതയേറെയാണ്.

നിലവില്‍ ഐജി റാങ്കിനു മുകളിലുള്ള ഏത് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാലും മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ ബന്ധപ്പെട്ട നമ്പറിലെ സംഭാഷണം ചോര്‍ത്തി നല്‍കണം. ഈ നമ്പറിലേക്കു വന്നതും പോയതുമായ ഫോണ്‍ വിളികളുടെ വിശദാംശവും നല്‍കണം. ഇതിന് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണമെന്നാണു നിയമം.

എന്നാല്‍, അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഏഴു ദിവസം ഫോണ്‍ ചോര്‍ത്താം. പിന്നീട് അംഗീകാരം വാങ്ങിയാല്‍ മതി. ഏതെങ്കിലും ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നവരുടെ മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ആണ് പോലീസ് ചോര്‍ത്തുന്നത്. ഇതിനായി അംഗീകൃത ഫോമില്‍ കേസ് നമ്പര്‍, ചോര്‍ത്തേണ്ട നമ്പര്‍, ഉടമയുടെ പേര് എന്നിവ മാത്രമാണു സാധാരണ എഴുതുന്നത്.

പ്രധാന ക്രിമിനല്‍ കേസിലോ രാജ്യദ്രോഹ പ്രവര്‍ത്തനത്തിലോ ഉള്‍പ്പെട്ടവരുടെ ഫോണ്‍ ആണു സാധാരണ ചോര്‍ത്തുന്നത്. ആദ്യം 60 ദിവസ അനുമതി സര്‍ക്കാര്‍ നല്‍കും. പിന്നീടും ആവശ്യമുണ്ടെന്നു കാണിച്ചാല്‍ 30 ദിവസം കൂടി നീട്ടി നല്‍കാം. ഈ അനുമതികളൊന്നുമില്ലാതെ മോന്‍സന് യഥേഷ്ടം ഫോണ്‍ ചോര്‍ത്തി കിട്ടിയിരുന്നുവെന്നാണ് വോയിസ് ക്ലിപ്പില്‍നിന്നു വ്യക്തമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button