മോഹന്‍ലാലിന്റെ നായിക,ഐറ്റം ഡാന്‍സര്‍,ബോഡി ഷെയിമിംഗ്;നീതു ഷെട്ടി എവിടെ?
കൊച്ചി:സിനിമയില്‍ അഭിനയിക്കുക എല്ലാവരും അറിയുന്ന താരമാവുക എന്നൊക്കെ ആഗ്രഹിക്കുന്നവര്‍ ഒരുപാടാണ്. ചിലര്‍ ആ സ്വപ്‌നത്തിന് പിന്നാലെ എറങ്ങിത്തിരിക്കും. എന്നാല്‍ സിനിമയില്‍ എത്തിച്ചേരുക എന്നത് തന്നെ പാടുപിടിച്ചൊരു യാത്രയാണ്. ജനശ്രദ്ധ നേടിയെടുക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ അതിനായി വേണ്ടി വരും.
എന്നാല്‍ ഒരൊറ്റ സിനിമ കൊണ്ട് തന്നെ ആരാധകരെ നേടാനും താരമാകാനും സാധിക്കുന്നവരുമുണ്ട്. ഒരൊറ്റ സിനിമ കൊണ്ട് തന്നെ എന്നെന്നും ഓര്‍ത്തിരിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ ചിലര്‍ സ്വപ്‌നതുല്യമായ ഈ തുടക്കം ലഭിച്ചിട്ടും പിന്നീട് എവിടേയും കാണാതെ മറഞ്ഞു പോയേക്കാം. മലയാളികളെ സംബന്ധിച്ച് അങ്ങനെ ഒന്ന് കണ്ട് പിന്നെ എവിടെയോ പോയി മറന്നൊരു മുഖമാണ് നീതു ഷെട്ടി.
മോഹന്‍ലാലിന്റെ നായികയായാണ് നീതു ഷെട്ടി മലയാളത്തിലെത്തുന്നത്. ആ പേര് അത്ര പരിചിതമല്ലെങ്കിലും ആ മുഖം മലയാളി മറക്കില്ല. എന്തേ കണ്ണനിത്ര കറുപ്പ് നിറം എന്ന പാട്ട് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ആ പാട്ടിനൊപ്പം തന്നെ മലയാളികളുടെ മനസിലേക്ക് വരുന്ന മുഖമാണ് നീതു ഷെട്ടിയുടേത്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെയാണ് നീതു ഷെട്ടി മലയാളികളുടെ ശ്രദ്ധ നേടുന്നത്. സിനിമ സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ നേടാനും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാനും സാധിച്ചിരുന്നു.
ഫോട്ടോഗ്രാഫറിലെ നീതുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫോട്ടോഗ്രാഫറിന് ശേഷം നീതുവിനെ പിന്നെ എവിടേയും കണ്ടിട്ടില്ല. മോഹന്‍ലാലിന്റെ നായികയായി, അഭിനയ പ്രാധാന്യമുള്ളൊരു വേഷത്തിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചുവെങ്കിലും നീതു എവിടെയോ അപ്രതക്ഷ്യയാവുകയായിരുന്നു. ഇടയ്ക്ക് എന്തേ കണ്ണനിത്ര കറുപ്പ് നിറം പാട്ട് കേള്‍ക്കുമ്പോഴും കാണുമ്പോഴും മലയാളികള്‍ പരസ്പരം ചോദിക്കും, ഈ നടി എവിടെപ്പോയി?
മലയാളത്തില്‍ പിന്നീട് അഭിനയിച്ചില്ല എന്നേയുള്ളൂ നീതു. പകരം കന്നട സിനിമകളിലും, സീരിയലുകളിലും എല്ലാം നിറ സാന്നിധ്യമായിരുന്നു നീതു ഷെട്ടി. കന്നഡ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഒരുകാലത്ത് നീതു ഷെട്ടി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നീതുവിന്റെ തുടക്കം പുണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. യാഹൂവിലൂടെയാണ് നായികയാകുന്നത്. മൂന്നാമത്തെ ചിത്രമായ ജോക്ക് ഫാള്‍സ് ആണ് നീതുവിന്റെ കരിയറില്‍ ബ്രേക്കായി മാറുന്നത്.
പിന്നീട് നിരവധി സിനിമകളാണ് നീതുവിനെ തേടിയെത്തിയത്. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നീതു. ഇതില്‍ ബേരു എന്ന ചിത്ര ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമെല്ലാം നേടുകയും ചെയ്തിരുന്നു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നീതുവിനെ തേടിയെത്തിയിട്ടുണ്ട്. കൊട്ടി ചെന്നൈയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നീതുവിനെ തേടിയെത്തുന്നത്.
സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും നീതു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു നീതു. ബിഗ്ഗ് ബോസ് കന്നട സീസണ്‍ 2 യിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നീതു ഷെട്ടി. സീരീയലുകളിലും നീതു അഭിനയിച്ചിട്ടുണ്ട്. ചാറ്റ് കോര്‍ണര്‍, കിച്ചണ്‍ ദര്‍ബാര്‍, ബെംഗലൂരു ബെന്നെ ദോസ് തുടങ്ങി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു നീതു.
എന്നാല്‍ പിന്നീട് നീതു എല്ലാത്തില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. അതേസമയം ശരീരഭാരം പെട്ടെന്ന് കൂടിയതിന്റെ പേരില്‍ നിരന്തരം ബോഡി ഷെയ്മിംഗും നേരിടേണ്ടി വന്നിട്ടുണ്ട് നീതുവിന്. ഇതേക്കുറിച്ച് നീതു തന്നെ പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ ഇപ്പോള്‍ പണ്ടത്തേത് പോലെ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നീതു. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തിരിച്ചുവരാന്‍ ഒരുക്കമാണെന്നാണ് നീതു പറയുന്നത്. അതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.