മോഹന്‍ലാലിനിന്ന് അറുപതാം പിറന്നാള്‍
ചെന്നൈ: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ ലാലിന് ഇന്ന് 60-ാം പിറന്നാള്‍. ലോക്ക് ഡൗണായതിനാല്‍ ആഘോഷമില്ലാതെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം മോഹന്‍ലാല്‍ ഇന്നു പിറന്നാളുണ്ണും. മകള്‍ വിസ്മയ വിദേശത്താണ്.
രണ്ട് മാസത്തോളമായി ചെന്നൈയില്‍ കഴിയുന്ന ലാല്‍ പിറന്നാളിനു കൊച്ചിയില്‍ അമ്മയുടെ അടുത്തെത്താമെന്നു കരുതിയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടിയതോടെ യാത്ര മാറ്റിവച്ചു. ലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ്. അമ്മയ്‌ക്കൊപ്പം ആന്റണി പെരുമ്പാവൂര്‍ സദ്യയുണ്ണും. ലാല്‍ ഫാന്‍സ് അസോസിയേഷനും ഇന്ന് ആഘോഷങ്ങള്‍ നടത്തുന്നില്ല. 2 ദിവസമായി ലാലിന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്കെല്ലാം അവര്‍ സദ്യ എത്തിച്ചു കൊടുത്തിരുന്നു.
ഇന്നു വിവിധ ന്യൂസ് ചാനലുകളിലൂടെ അദ്ദേഹം സ്‌നേഹിക്കുന്നവരുമായി ആശയ വിനിമയം നടത്തും. പിറന്നാള്‍ ആശംസ നേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളുമായി ലാല്‍ ഇന്നലെ സംസാരിച്ചു. 40 വര്‍ഷമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ലോക്ക് ഡൗണിനു ശേഷമുള്ള സിനിമ ഇന്നലെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം ഇനി അഭിനയിക്കുക.