NationalNews

ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം: മോഹൻ ഭാഗവത്

ന്യൂഡൽഹി:അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത്. വിദേശ ആധിപത്യത്തിന് മേൽ ഇന്ത്യയുടെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമയി പ്രാണപ്രതിഷ്ഠ നടത്തിയ തീയതി പ്രതിഷ്ഠാ ദ്വാദശി ആയി ആചരിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇൻഡോറിൽ നടന്ന പരിപാടിക്കിടെയാണ് മോഹൻ ഭാഗവതിന്റെ വിവാദ പരാമർശം.

‘ രാമക്ഷേത്രത്തിനായി നടത്തിയ ശ്രമങ്ങൾ ആരേയും എതിർക്കാനായിരുന്നില്ല, മറിച്ച് ഭാരതത്തെ തന്നെ ഉണർത്താനായിരുന്നു. ലോകത്തെ നയിക്കാൻ സ്വതന്ത്രമായും ഒറ്റക്കെട്ടായും ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ആയിരുന്നു അത്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് ബ്രിട്ടീഷുകാരിൽ നിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒരു ലിഖിത ഭരണഘടന ഉണ്ടാക്കി. എന്നാൽ ആ ദർശനം ഉയർത്തിപിടിച്ചവർ ആഗ്രഹിച്ചത് പ്രകാരമായിരുന്നില്ല ആ രേഖ.

അനേകം നൂറ്റാണ്ടുകളുടെ പീഡനങ്ങൾ നേരിട്ട ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം നേടികൊടുക്കപ്പെട്ടത് പ്രാണപ്രതിഷ്ഠാ ദിനത്തിലാണ്’, ഭാഗവത് പറഞ്ഞു. രാമജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രെസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുലരസ്കാരം സമ്മാനിച്ച് കൊണ്ടായിരുന്നു മോഹൻ ഭാഗവതിന്റെ ഈ വാക്കുകൾ. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ചമ്പത് റായ്.

അതേസമയം മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ ശിവസേന എംപി സഞ്ജയ് റൗത്ത് രംഗത്തെത്തി. ഭരണഘന എഴുതിയതും രാമക്ഷേത്രം നിർമ്മിച്ചതും ഭാഗവത് അല്ലെന്നും റൗത്ത് പരിഹസിച്ചു. ‘ ആർ എസ് എസ് അല്ല രാമക്ഷേത്രം കൊണ്ടുവന്നത്. മോഹൻ ഭാഗവത് അല്ല ഭരണഘടന എഴുതിയത്. അദ്ദേഹം പറയുന്നത് തെറ്റാണ്. ആയിരക്കണക്കിന് വർഷത്തോളമായി രാംലല്ല ഇവിടെ തന്നെ ഉണ്ട്. നമ്മൾ അതിന് വേണ്ടി പോരാടി, പക്ഷെ അതിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല’, സഞ്ജയ് റൗത്ത് പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ മറ്റിടങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കരുതെന്ന് അടുത്തിടെ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ‘രാമക്ഷേത്രം നമ്മളെ സംബന്ധിച്ച് ഒരു വികാരമാണ്. ക്ഷേത്രം പണിയണമെന്ന ആഗ്രഹം ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നു. എന്നാൽ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല’,

എന്നായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. യുപിയിലെ ഷാഹി ജമ മസ്ജിദിലേയും രാജസ്ഥാനിലെ അജ്മീറിലെ അജ്മേർ ഷാരിഫിലേയും വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആർ എസ് എസ് മേധാവിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker