കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ പരിഹസിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. തന്നെയും ഐപിഎല്‍ താരലേലത്തേയും ബന്ധപ്പെടുത്തി മഞ്ജരേക്കര്‍ പറഞ്ഞ ഒരു കമന്റാണ് ഷമിയെ ദേഷ്യം പിടിപ്പിച്ചത്. ഐപിഎല്‍ താരലേലത്തി ഷമിക്ക് കിട്ടാന്‍ പോകുന്ന തുകയെ കുറിച്ച് പ്രവചനം നടക്കുകയായിരുന്നു മഞ്ജരേക്കര്‍.
ഷമിയെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പരിക്കാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോകകപ്പിനിടയിലുണ്ടായ പരിക്കില്‍ നിന്ന് മോചിതനാകാന്‍ തന്നെ ഷമി ഏറെ സമയമെടുത്തുവെന്നും മഞ്ജരേക്കര്‍.
മഞ്ജരേക്കറുടെ വാക്കുകള്‍… ”ഷമിയെ തട്ടകത്തിലെത്തിക്കാന്‍ താല്‍പര്യപ്പെടാത്ത ടീമുകളുണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന് കരിയറിലുണ്ടായ പരിക്ക് നോക്കൂ. ഒരോ പരിക്കില്‍ നിന്നും മുക്തനാവാന്‍ ഷമി സമയമെടുക്കുന്നു. ഇനി ഏതെങ്കിലും ടീമുകള്‍ സ്വന്തമാക്കിയാലും എപ്പോഴെങ്കിലും പരിക്കേറ്റ് സീസണ്‍ നഷ്ടമാവാനും സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഷമിയുടെ വില കുറയുമെന്നാണ് തോന്നുന്നത്.” എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.
എന്നാല്‍ ഷമി മഞ്ജരേക്കര്‍ക്കെതിരെ തിരിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമി തിരിച്ചടിച്ചത്. ഷമിയുടെ പോസ്റ്റ് ഇങ്ങനെ… ”നമസ്‌കാരം ബാബ, കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും മാറ്റിവെക്കുക. സഞ്ജയ് ജീക്ക് അത് എപ്പോഴെങ്കിലും ഉപകാരപ്പെടും. ഇനി മറ്റാര്‍ക്കെങ്കിലും സ്വന്തം ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണുക.” ഷമി പരിഹസിച്ചു. പോസ്റ്റ് കാണാം…
2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. സീസണിലെ 17 ഇന്നിങ്സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമി ഒന്നാമതെത്തിയത്. 2023 ഏകദിന ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ഷമിയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.