KeralaNews

മോഡലുകളുടെ അപകട മരണം; ഡി.വി.ആര്‍ കണ്ടെത്തുന്നത് ദുഷ്‌കരമെന്ന് തെരച്ചില്‍ സംഘം

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ഡിവിആര്‍ കണ്ടെത്തുന്നത് ദുഷ്‌കരമെന്ന് തെരച്ചില്‍ സംഘം. ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാലും ദൃശ്യങ്ങള്‍ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബര്‍ വിദഗ്ധരും പറയുന്നു. അപകടത്തില്‍ പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കായലില്‍ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കില്‍ ഹര്‍ഡ് ഡിസ്‌ക് കണ്ടെത്തല്‍ ഏറെ ദുഷ്‌കരമാകുമെന്നാണ് തെരച്ചില്‍ സംഘം പറയുന്നത്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ നടത്തിയിയ തെരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചിരുന്നു.

ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രൊഫഷണല്‍ സ്‌കൂബ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കായലില്‍ ചെളി നിറഞ്ഞ് കിടക്കുകയാണെന്ന് സ്‌കൂബ ഡൈവിംഗ് സംഘം അറിയിച്ചു. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമായിരുന്നു തെരച്ചില്‍.

അപകടം നടക്കും മുമ്പ് ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടത്തിയത്. നേരത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.

അതേസമയം നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker