പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക് പണിമുടക്കിയത് ഏഴു മണിക്കൂര്‍; എല്ലാം കുഴഞ്ഞു മറിഞ്ഞു; ഒടുവില്‍ മാപ്പ്.!
ലണ്ടന്‍: ബ്രിട്ടണിലെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക്’ത്രീ’ (Three) പണിമുടക്കി. ഡൌണ്‍ ഡിക്റ്റക്ടര്‍ പ്രകാരം ബ്രിട്ടീഷ് സമയം രാവിലെ അഞ്ചുമണി മുതല്‍ നിലച്ച സേവനം (outage) തിരിച്ചുവന്നത് ഉച്ചതിരിഞ്ഞ് 12.30 ഓടെയാണ്. ഏഴുമണിയോടെ ഇത്തരം ഒരു തകരാര്‍ ഉണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാരണം എന്താണ് എന്നതില്‍ വ്യക്തമായ വിശദീകരണം ഇതുവരെ ‘ത്രീ’ നല്‍കിയിട്ടില്ല.
കോളുകള്‍ ചെയ്യാനോ, കോളുകള്‍ സ്വീകരിക്കാനോ സാധിക്കാത്ത പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെട്ടത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പ്രശ്നത്തിന് പിന്നിലെയാണ് എന്നും, എല്ലാവരോടും നേരിട്ട തടസത്തിന് മാപ്പ് ചോദിക്കുന്നുവെന്നും അറിയിച്ച് ‘ത്രീ’ ട്വീറ്റ് ചെയ്തിരുന്നു. ബ്രിട്ടനിലെ ടെലിഫോണ്‍ വിളികളുടെ 30 ശതമാനത്തെ ഈ നെറ്റ്വര്‍ക്ക് പ്രശ്നം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ‘ത്രീ’ ഉപയോക്താക്കള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ രോഷ പ്രകടനമാണ് നെറ്റ്വര്‍ക്കിനെതിരെ നടത്തിയത്.
കഴിഞ്ഞവാരം ഫേസ്ബുക്കും, അവരുടെ അനുബന്ധ സേവനങ്ങളായ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ആഗോള വ്യാപകമായി പ്രവര്‍ത്തനം നിലച്ചത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ മാറും മുന്‍പേയാണ് ബ്രിട്ടണില്‍ പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ജി-മെയില്‍ സേവനങ്ങള്‍ക്ക് സാങ്കേതിക പ്രശ്നം നേരിട്ടതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
അതേ സമയം പ്രശ്നം പൂര്‍ണ്ണമായി പരിഹരിച്ചതായി ബ്രിട്ടീഷ് സമയം 12.30ന് ത്രീ ട്വീറ്റ് ചെയ്തിരുന്നു. നേരിട്ട തടസ്സത്തിന് മാപ്പ് ചോദിക്കുന്നു എന്ന് ഇവര്‍ പറയുന്നുണ്ട്.