NationalNews

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്കുനേരെ ആക്രമണശ്രമം,സംഘര്‍ഷം;ആകാശത്തേക്ക് വെടിയുതിര്‍ത്ത് പോലീസ്‌

ഇംഫാൽ: മണിപ്പൂരിൽ കലാപം വീണ്ടും ആളിക്കത്തുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിക്ക് നേരേ വ്യാഴാഴ്ച രാത്രി ആക്രമണ ശ്രമം ഉണ്ടായി. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ, കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയാണ് വലിയൊരു ആൾക്കൂട്ടം മുഖ്യമന്ത്രിയുടെ കുടുംബവീട് ആക്രമിക്കാൻ ശ്രമിച്ചത്. ആകാശത്തേക്ക് വെടിവച്ചും മറ്റും സുരക്ഷാ സൈനികർ ആൾക്കൂട്ടത്തെ തുരത്തി. മുഖ്യമന്ത്രി ബിരേൻ സിങ് ഇംഫാലിന്റെ മധ്യത്തിൽ കനത്ത സുരക്ഷയുള്ള ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്.

‘ഇംഫാലിൽ, ഹെയിങ്ഗാങിലെ മുഖ്യമന്ത്രിയുടെ കുടുംബവീട് ആക്രമിക്കാൻ ശ്രമമുണ്ടായി. വീടിന് 100-150 മീറ്റർ അകലെ വച്ച് സുരക്ഷാ സൈനികർ ആൾക്കൂട്ടത്തെ തടഞ്ഞു’, പൊലീസ് പിടിഐയോട് പറഞ്ഞു. 24 മണിക്കൂറും സുരക്ഷാ സേന കാവൽ നിൽക്കുന്ന വീടിന് നേരേയാണ് ആക്രമണശ്രമം. ഈ വീട്ടിൽ, ഇപ്പോൾ ആരും താമസിക്കുന്നില്ല.

വ്യത്യസ്ത ദിശകളിൽ നിന്ന് രണ്ടുഗ്രൂപ്പ് ആളുകൾ മുഖ്യമന്ത്രിയുടെ കുടുംബവീടിന് നേരേ അടുക്കുകയായിരുന്നു. പൊലീസും, ദ്രുതകർമ സേനയും നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ നോക്കി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പ്രദേശത്തെ വൈദ്യുതിയും വിച്ഛേദിച്ചു. നിലവിൽ, വീടിന് ചുറ്റും കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ, സമീപത്തെ റോഡിൽ, ടയറുകൾ കത്തിച്ചു. സ്ഥലത്ത് ആംബുലൻസുകൾ എത്തിയെങ്കിലും, ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

മണിപ്പൂരിൽ രണ്ടുവിദ്യാർത്ഥികളുടെ കൊലപാതകത്തെ തുടർന്ന് വീണ്ടും പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും കേസ് സിബിഐ സമഗ്രമായി അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയതായും സിങ് കൂട്ടിച്ചേർത്തു.

ജൂലൈയിൽ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇംഫാൽ താഴ്‌വരയിൽ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പ്രതിരോധിച്ചത്.

പ്രകോപിതരായ ജനക്കൂട്ടം ബിജെപി മണ്ഡലം ഓഫീസിന് തീയിടുകയും ഓഫീസിന്റെ ഗേറ്റ് നശിപ്പിക്കുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. ഇതുകൂടാതെ ഓഫീസ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ലുകളും സംഘം തകർത്തു. പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും മരത്തടികളും മറ്റ് വൈദ്യുത തൂണുകളും ഉപയോഗിച്ച് ഇന്തോ-മ്യാന്മർ ഹൈവേ തടയുകയും ചെയ്തു. സംഘർഷത്തിൽ 150 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

സ്‌പെഷ്യൽ ഡയറക്ടർ അജയ് ഭട്‌നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ബുധനാഴ്‌ച്ച മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ എത്തി കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലം തിരിച്ചറിയുക, മൃതദേഹങ്ങൾ വീണ്ടെടുക്കുക, കുറ്റവാളികളെ കണ്ടെത്തുക എന്നിവയായിരിക്കും പ്രാഥമിക ലക്ഷ്യമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. സംഘർഷങ്ങൾ വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിനെ വീണ്ടും ‘പ്രശ്‌ന ബാധിത’ മേഖലയായി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker