കൽപ്പറ്റ: വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്ന് അഞ്ചുവയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവത്തിൽ കുഞ്ഞിനായി തെരച്ചിൽ തുടരുന്നു. എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, പൾസ് എമർജൻസി ടീം എന്നിവർക്കൊപ്പം ചേർന്ന് ഇന്നലെ എട്ടുമണിവരെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് അതിരാവിലെ തന്നെ തെരച്ചിൽ പുനഃരാരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് (32) അഞ്ചുവയസുകാരിയായ മകൾ ദക്ഷയെയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
വൈദ്യുതി ബില്ലിൽ കെഎസ്ഇബിയുടെ ഷോക്ക്
ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. പാലത്തിനുമുകളിൽനിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖിൽ കണ്ടതിനാലാണ് അമ്മയെ രക്ഷിക്കാനായത്. പുഴയിൽ ചാടിയ നിഖിൽ 60 മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ എത്തിയ മറ്റുള്ള നാട്ടുകാർ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ കണ്ടെത്താനായി കൽപ്പറ്റയിൽ നിന്നുള്ള ഫയർ ഫോഴ്സ്, ദേശീയ ദുരന്ത നിവാരണസേന (എൻഡിആർഎഫ്), കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെഎസ് അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, വെണ്ണിയോട് ഡിഫൻസ് ടീം, പൾസ് എമർജൻസി ടീം, പനമരം സിഎച്ച് റെസ്‌ക്യൂ ടീം, തുർക്കി ജീവൻരക്ഷാസമിതി എന്നിവർ സംയുക്തമായി ഫൈബർ ബോട്ടും മറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തെരച്ചിൽ നടത്തിയിരുന്നു. ചാറ്റൽമഴയും പുഴയിലെ അടിയൊഴുക്കും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പാത്തിക്കൽപാലത്തിന് താഴെനിന്ന് അരക്കിലോമീറ്റർ ദുരം വിശദമായി തെരഞ്ഞെങ്കിലും വിഫലമായി. രാത്രി തെരച്ചിലിനായി ജനറേറ്റർ ഉൾപ്പെടെ ഇവർ സജ്ജീകരിച്ചിരുന്നു. ദർശന വിഷം കഴിച്ചതിനുശേഷമാണ് വീട്ടിൽനിന്ന് അരക്കിലോമീറ്റർ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയതെന്ന് സൂചനയുണ്ട്. നാലുമാസം ഗർഭിണിയാണ് ഇവർ. പാലത്തിനുമുകളിൽ രണ്ട് കുടകളും ഒരു ചെരിപ്പുമുണ്ടായിരുന്നു. കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.