
ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ 10 മാസം മുൻപു മരിച്ച മകളുടെ മൃതദേഹം അമ്മ അടക്കം ചെയ്തതു താമസിക്കുന്ന വീടിനുള്ളിൽ. മകളെ കാണാനില്ലെന്നു കാട്ടി ജൂൺ 7ന് സൗദിയിൽ താമസിക്കുന്ന പിതാവു നല്‍കിയ പരാതിയിൽ പൊലീസ് വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ മറവു ചെയ്തതെന്നും അമ്മ അനിത ബീഗം പൊലീസിനോട് പറഞ്ഞു. മരിച്ച 17 വയസ്സുകാരി പ്രവീണയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
‘‘മകൾ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അവർ ഒളിച്ചോടാൻ പദ്ധതിയിട്ടതോടെ മുറിയിൽ പൂട്ടിയിട്ടു. അന്നു രാത്രി തന്നെ അവൾ സ്വന്തം മുറിയിൽ ജീവനൊടുക്കി. മരണവിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണു മൃതദേഹം വീടിനുള്ളിൽ മറവു ചെയ്തത്. അത് എന്റെ തെറ്റാണ്. ഞാൻ കുറ്റം സമ്മതിക്കുന്നു’’ – അമ്മ അനിതാ ബീഗം പറഞ്ഞു.
പേര് പുറത്തുവിട്ടിട്ടില്ലാത്ത മറ്റു രണ്ടുപേരുടെ സഹായത്തോടെയാണ് അനിതാ ബീഗം മകളുടെ മൃതദേഹം മറവു ചെയ്തത്. മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്‌മാർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മകളെ കാണാതായതു സംബന്ധിച്ച് പിതാവ് പരാതി നൽകാൻ കാലതാമസമെടുത്തത് എന്തുകൊണ്ടെന്നും പൊലീസ് അന്വേഷിക്കും.