തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. എൽ.ഡി.എഫ്. നിയമസഭാ കക്ഷിയോഗത്തിലായിരുന്നു ഗണേഷ് കുമാറിന്റെ രൂക്ഷവിമർശനം. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എം.എൽ.എമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേഷ് കുമാര്‍ ആരോപിച്ചു.
എം.എൽ.എമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിര്‍മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേഷ് കുമാർ വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേഷ് കുമാർ വിമർശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ ആരോപണം.
വിമർശനം നീണ്ട് ജലവിഭവവകുപ്പിലേക്ക് എത്തിയപ്പോൾ സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.