NationalNews

ആഭ്യന്തരവും ധനവും വിട്ടുകൊടുക്കില്ലെന്ന് ബിജെപി; പ്രധാനവകുപ്പുകള്‍ ആവശ്യപ്പെട്ട് നിതീഷും നായിഡുവും നാളത്തെ എൻഡിഎ യോഗം നിർണായകം

ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നാളെ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കാനിരിക്കെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറി. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ജെഡിയുവിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു സഹമന്ത്രി സ്ഥാനവും നൽകാൻ തയാറാണെന്ന് ബിജെപി അറിയിച്ചു. ഇരു പാർട്ടികളും പ്രതികരിച്ചിട്ടില്ല.

നാളെ ബിജെപി എംപിമാരുടെയും സംസ്ഥാന പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നാളെ പാർലമെന്ററി പാർട്ടി യോഗത്തിൽ വകുപ്പുകൾ സംബന്ധിച്ചു ധാരണയാകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. പാർലമെന്റിലാണ് എൻഡിഎ എംപിമാരുടെ യോഗം ചേരുന്നത്. അതിനു ശേഷം രാഷ്ട്രപതിയെ സന്ദർശിച്ച് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. 

സത്യപ്രതിജ്ഞ ചിലപ്പോൾ ഞായറാഴ്ച നടന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നേരത്തേ ശനിയാഴ്ച നടത്തുമെന്നായിരുന്നു അറിയിപ്പ്. ഛത്രപതി ശിവജി ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350–ാം വാർഷികത്തോടനുബന്ധിച്ച് സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേ ബിജെപി തീരുമാനിച്ചിരുന്നത്. എന്നാൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിപദവികൾ സംബന്ധിച്ചു ധാരണയിലെത്തേണ്ടതുമുണ്ട്. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം, റെയിൽവേ, ഐടി തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾ വിട്ടു കൊടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായാണ് വിവരം. 

5 ക്യാബിനറ്റ് പദവി, സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവുമാണ് 16 അംഗങ്ങളുള്ള ടിഡിപിയുടെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പാക്കേജും പദവിയും വേണം. റെയിൽവേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നിവയാണ് ജെഡിയുവിന്റെ ആവശ്യം. അതിനു പുറമേ ഭരണം പൊതു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്നും രാജ്യവ്യാപക ജാതിസെൻസസ് നടപ്പാക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ജെഡിയു ഉന്നയിച്ചിട്ടുണ്ട്.

ഏക വ്യക്തി നിയമം നടപ്പാക്കുന്നത് ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം. അതേസമയം, എൻഡിഎയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്നും ജെഡിയു നേതാവ് നിതീഷ് കുമാർ വ്യക്താക്കി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരെ നിതീഷ് ഡൽഹിയിൽ തുടരും. മറ്റു ഘടകകക്ഷികളും അവരവരുടെ സീറ്റിനനുസരിച്ചുള്ള സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ജെ.പി. നഡ്ഡയുടെ വസതിയിൽ അമിത്ഷാ, രാജ്നാഥ് സിങ്, പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, മൻസുഖ് മാണ്ഡവ്യ എന്നിവരും ബിജെപി ജനറൽ സെക്രട്ടറിമാരും യോഗം ചേർന്നിരുന്നു. പിന്നീടാണ് എത്ര മന്ത്രിസ്ഥാനങ്ങൾ നൽകാമെന്ന വിവരം നഡ്ഡ വഴി ഘടകകക്ഷികളെ അറിയിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker