KeralaNews

സൗജന്യ കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് മിൽമ

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സപ്ലൈ കോ വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ 100 ഗ്രാം മില്‍മ നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ സംസ്ഥാന സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. ഇതിനായി മിൽമ അധികമായി സംഭരിക്കുന്ന പാല്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ പാലുല്‍പ്പന്നങ്ങളൊന്നും തന്നെ കിറ്റില്‍ ലഭ്യമല്ല.  മില്‍മ ഉല്‍പ്പന്നങ്ങള്‍ കൂടി അടങ്ങുന്നതോടെ കിറ്റ് സമഗ്രമാകുമെന്നും ശുപാര്‍ശ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. മില്‍മ ടെട്രാപാക്ക് പാല്‍ വിതരണം ചെയ്യുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നും തുടക്കത്തില്‍ കസ്റ്റം പാക്ക് വഴിയാണ് വിതരണം ചെയ്യുകയെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.

മിൽമ മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാൽ അധികമായി സംഭരിക്കുന്നുണ്ട്. എറണാകുളം മേഖലയില്‍ ഇപ്പോള്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ പാലും അവിടെ നിന്നു തന്നെ ലഭിക്കുന്നു. തിരുവനന്തപുരത്തെ സംഭരണത്തിന്‍റെ കുറവ് മലബാര്‍ മേഖലയില്‍ നിന്നുമുള്ള അധിക സംഭരണം ഉപയോഗിച്ചാണ് നിലവിൽ പരിഹരിക്കുന്നത്.

എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നത് കൂടി ലക്ഷ്യം വച്ചാണ് റേഷന്‍ കട വഴി നല്‍കുന്ന സൗജന്യ കിറ്റില്‍ 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും വീതം ഉള്‍പ്പെടുത്തണമെന്ന ശുപാർശ വെച്ചത് എന്നും മിൽമ ചെയർമാൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button