ബംഗ്ലാദേശിൽ വീണ്ടും അട്ടിമറിക്ക് കളമൊരുങ്ങുന്നു, മുന്നിട്ടിറങ്ങി സൈന്യം; പിന്നിൽ ഹസീനയുടെ കരങ്ങൾ?

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. ഷൈഖ് ഹസീന സർക്കാരിനെ വീഴ്ത്തി ഇടക്കാല സർക്കാർ അധികാരത്തിലെത്തിയെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ പൂർണ്ണതോതിൽ സമാധാനപരമായിരുന്നില്ല. അധികാരത്തിലെത്തിയ മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേയും പ്രതിഷേധങ്ങളുയർന്നു. ഇതിനിടെയാണ് അധികാരം ഏറ്റെടുക്കാൻ സൈന്യം നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
ഇന്ത്യ ടുഡേയാണ് അടുത്തവൃത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിൽ സുപ്രധാന സംഭവങ്ങൾക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് സൂചന. വാക്കർ ഉസ് സമാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തിരയോഗം വിളിച്ചിരുന്നു. ഇതിന്റെ അലയൊലികൾ രാജ്യം അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് ലെഫ്റ്റനന്റ് ജനറൽമാർ, എട്ട് മേജർ ജനറൽമാർ (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാൻഡിങ് ഓഫീസർമാർ, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥർ തുടങ്ങി ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവർ സൈനിക യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ നിലംപൊത്തിയിരുന്നു. ഇതിന് ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് സർക്കാരിനെതിരേയും ജനങ്ങൾക്കിടയിൽ വൻതോതിൽ അവിശ്വാസത്തിനിടയാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് രാജ്യത്തെ സ്ഥിരത പുനഃസ്ഥാപിക്കുന്നതിൽ സൈന്യത്തിന്റെ പങ്കിനെക്കുറിച്ചും അതിനുള്ള സാധ്യതയെക്കുറിച്ചുമായിരുന്നു യോഗത്തിലെ ചർച്ചകൾ എന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ മുഹമ്മദ് യൂനുസിനെതിരേ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സൈന്യം പരിശോധിക്കുന്നതായാണ് വിവരം.
അടുത്തിടെയായി വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി നേതാക്കളും സൈന്യത്തിനെതിരേയും ശബ്ദമുയർത്തിയിട്ടുണ്ട്. ഇത് സൈന്യത്തിലെ പല വിഭാഗങ്ങളേയും അസ്വസ്ഥരാക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾക്കിടെ, ഹസീനയുടെ അവാമി ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സൈന്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വിദ്യാർഥി നേതൃത്വത്തിലുള്ള പാർട്ടി ആരോപിച്ചെങ്കിലും സൈന്യം ഇത് നേഷിച്ചിട്ടുണ്ട്.