CrimeFeaturedKeralaNews

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ഭാര്യ അറസ്റ്റിൽ

തൃശൂര്‍:ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെള്ളാങ്ങല്ലൂര്‍ പാലിയേറ്റീവ് കെയര്‍ ട്രഷറര്‍ കൂടിയായ അലിയെ തലയ്ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്ത്‌റൂമില്‍ തലയടിച്ചു വീണ്‌ പരിക്കേറ്റാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ റൂറല്‍ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേന്ന് പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിച്ചു.

സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍നിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പൊലീസിനോടു പറഞ്ഞു. അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ പൊലീസിന്‌ മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെ ചവര്‍കൂനയ്ക്കിടയില്‍ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പൊലീസിന് കാണിച്ചുകൊടുത്തു.

ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസ്, ഇന്‍സ്‌പെക്ടര്‍ സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുഹറയെ അറസ്റ്റ് ചെയ്തത്. സൈബര്‍ ഇന്‍സ്‌പെക്ടര്‍ പി കെ പത്മരാജന്‍, എസ് ഐമാരായ വി ജിഷില്‍, കെ. ഷറഫുദ്ദീന്‍, പി സി സുനില്‍, സി എം ക്ലീറ്റസ്, എ എസ് ഐ. പി എസ് സുജിത്ത് കുമാര്‍, സീനിയര്‍ സി പി ഒമാരായ കെ വി ഉമേഷ്, കെ എസ് ഉമേഷ്, ഇ എസ് ജീവന്‍, സോണി സേവ്യര്‍, പി കെ നിഷി, കെ എസ് സിദിജ എന്നിവരും പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button