KeralaNews

‘സിനിമയിറങ്ങി 2 ദിവസം റിവ്യൂ വേണ്ട;അമിക്കസ് ക്യൂറി നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

കൊച്ചി: റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്ലോഗര്‍’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ചു.

‘വ്ലോഗര്‍മാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33 പേജ് വരുന്ന റിപ്പോര്‍ട്ടിൽ ശുപാര്‍ശ ചെയ്തു.

മലയാളത്തിൽ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ ‘റിവ്യു ബോംബിങ്’ നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഏതാനും സിനിമാ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിയെ തുടർന്ന് ഇക്കാര്യങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയായി അഡ്വ. പ്രശാന്ത് പത്മനെ നിയോഗിക്കുകയായിരുന്നു.

ഓൺലൈൻ മാധ്യമങ്ങള്‍ സിനിമാ നിരൂപണം നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിർദേശം നല്‍കിയിരുന്നു. ഈ റിപ്പോർട്ട് നേരത്തേതന്നെ കോടതിയിൽ സമർപ്പിച്ചു. റിവ്യു ബോംബിങ് പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും നിരൂപകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നറിയപ്പെടുന്ന വ്ലോഗര്‍മാരെ നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ അമിക്കസ് ക്യൂറി സമര്‍പ്പിച്ചിരിക്കുന്നത്. പലരും ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉള്ളവരാണെന്നും അനേകം പേരെ സ്വാധീനിക്കാൻ ഇവരുടെ വാക്കുകൾക്ക് കഴിയുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സിനിമയെക്കുറിച്ച് ഇവർ നടത്തുന്ന മോശം പരാമർശങ്ങളും നെഗറ്റീവ് റിവ്യൂവും ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ വരുമാനത്തെയും വളർച്ചയേയും ബാധിക്കുന്നതാണ്. പരമ്പരാഗത മാധ്യമങ്ങൾക്ക് സുതാര്യതയും കൃത്യതയും ഉത്തരവാദിത്തവുമുള്ള റിപ്പോർട്ടിങ് ഉറപ്പാക്കുന്നതിന് കർശനമായ ചട്ടങ്ങളുണ്ട്. ഈ രീതിയിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് വ്ലോഗർമാരുടെ കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും അത്തരം പരസ്യങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനും ഉദ്ദേശിച്ചുള്ള 2109ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2022ൽ കൊണ്ടുവന്ന ചട്ടങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് മാർഗനിർദേശങ്ങൾ ഉണ്ടാക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലവിൽ സ്ഥിതിഗതി എങ്ങനെയുണ്ട് എന്നാരാഞ്ഞിരുന്നു. ഒട്ടേറെ മലയാള സിനിമകൾ നല്ല രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു എന്നാണ് താൻ കേട്ടതെന്നും കൃത്രിമ റിവ്യൂകളടക്കം വിശ്വസിക്കാതെ ജനങ്ങൾ സിനിമ കാണുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

∙ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. നിരൂപണമെന്ന പേരിൽ സിനിമയെ കീറിമുറിക്കുന്നത് റിലീസ് ചെയ്ത് 48 മണിക്കൂറിനു ശേഷമാക്കാൻ ശ്രമിക്കണം. ഇത് മറ്റേതെങ്കിലും സ്വാധീനത്തിനു വഴങ്ങാതെയും ഏകപക്ഷീയമായ റിവ്യുവിന്റെ അടിസ്ഥാനത്തിലല്ലാതെയും അഭിപ്രായം രൂപീകരിക്കാൻ കാഴ്ചക്കാരെ സഹായിക്കും. 

2. റിവ്യു ചെയ്യുമ്പോൾ വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. മോശം ഭാഷ, വ്യക്തിഗത ആക്രമണങ്ങള്‍, സംവിധായകര്‍ക്കും നടീനടന്മാർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കുമെതിരെയുള്ള വൃത്തികെട്ട പരാമർശങ്ങൾ തുടങ്ങിയവ കർശനമായി ഒഴിവാക്കണം.

3. ഒരു സിനിമയെ കീറിമുറിച്ച് നശിപ്പിക്കുന്നതിനു പകരം ക്രിയാത്മകമായ വിമര്‍ശനം നടത്തണം. 

4. സിനിമയിലെ പ്രധാന പ്ലോട്ടുകള്‍, കഥാസാരം വെളിവാക്കുന്ന കാര്യങ്ങൾ തുടങ്ങിയ റിവ്യൂവില്‍ ഒഴിവാക്കണം, പ്രത്യേകിച്ച് ആദ്യ 2 ദിവസങ്ങളിൽ.

5. റിവ്യൂവില്‍ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്ലോഗര്‍മാർ ഉറപ്പാക്കണം. തെറ്റായ വിവരങ്ങളും അവകാശവാദങ്ങളും കാഴ്ചക്കാരെ മോശം രീതിയിൽ ബാധിക്കും.

6. സിനിമാ വ്യവസായത്തെ റിവ്യു എങ്ങനെ ബാധിക്കും എന്ന് വ്ലോഗർമാർ ചിന്തിക്കണം. നെഗറ്റിവ് റിവ്യു ജനങ്ങളെ സിനിമ കാണുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും അത് ബോക്സ് ഓഫിസ് വിജയത്തെ ബാധിക്കുകയും സിനിമ നഷ്ടത്തിലാവുകയും ചെയ്യും.

7. ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ കോപ്പിറൈറ്റ് നിയമങ്ങൾ, സ്വകാര്യത, കമ്യൂണിറ്റി മാർഗനിര്‍ദേശങ്ങള്‍ എന്നിവ വ്ലോഗര്‍മാർ പാലിക്കണം.

8. റിവ്യു ചെയ്യുമ്പോൾ വ്ലോഗര്‍മാർ പ്രഫഷനലിസവും സത്യസന്ധതയും പാലിക്കും എന്നാണ് കരുതുന്നത്. 

9. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. വിവാദമുണ്ടാക്കാനോ ക്ലിക്ബൈറ്റിനു വേണ്ടിയോ ഉള്ളടക്കം സെൻസേഷനലൈസ് ചെയ്യാതിരിക്കുക.

10. പണം ഈടാക്കി സിനിമ ഏതെങ്കിലും വിധത്തില്‍ പ്രമോട്ട് ചെയ്യുന്നവർ 2022ലെ പരസ്യ നിയന്ത്രണ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker