വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കള്‍ കോളിന്‍സ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി.
ചന്ദ്രനില്‍ ആദ്യം കാല്‍തൊട്ട മനുഷ്യന്‍ നീല്‍ ആംസ്‌ട്രോംഗ്, കൂടെ നടന്നത് എഡ്വിന്‍ ആല്‍ഡ്രിന്‍, ഇവരെ കൂടാതെ ഒരാള്‍ കൂടിയുണ്ടായിരുന്നു. കൂട്ടാളികള്‍ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്പോള്‍ ഒറ്റയ്‌ക്കൊരു പേടകത്തില്‍ ചന്ദ്രനെ വലംവച്ചയാള്‍, മൈക്കില്‍ കോളിന്‍സ്. രണ്ട് പേര്‍ ചന്ദ്രനലിറങ്ങുമ്പോള്‍ മൂന്നാമന്‍ കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു.
ഇറങ്ങിയവരെ തിരികെ ഭൂമിയിലെത്തിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ചരിത്ര പുസ്തകങ്ങളില്‍ എന്നും തന്റെ പേര് അവസാനമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അയാള്‍ക്ക്, പക്ഷേ തെല്ലും പരിഭവമുണ്ടായിരുന്നില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയില്‍ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിന്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്.
അപ്പോളോ 11ലെ എറ്റവും മികച്ച സ്ഥാനം എന്റേതാണെന്ന് പറഞ്ഞാല്‍ അത് കള്ളം മാത്രമായിരിക്കും, മണ്ടത്തരവുമായിരിക്കും പക്ഷേ ഏല്‍പ്പിക്കപ്പെട്ട ജോലിയില്‍ ഞാന്‍ തൃപ്തനാണ്. ദൗത്യത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോളിന്‍സ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 1966ല്‍ ജെമിനി പത്ത് ദൗത്യത്തിന്റെ പൈലറ്റായിട്ടായിരുന്നു കോളിന്‍സിന്റെ ആദ്യ ബഹിരാകാശ യാത്ര.
അപ്പോളോ 11 കോളിന്‍സിന്റെ രണ്ടാമത്തേയും അവസാനത്തേയും ബഹിരാകാശ യാത്രയായിരുന്നു. അപ്പോളോ 11 സഞ്ചാരിയെന്ന നിലയില്‍ ലഭിച്ച പ്രശസ്തിയില്‍ നിന്ന് ഒരു പരിധി വരെ കോളിന്‍സ് മാറി നടന്നു. നാസയില്‍ നിന്ന് വിരമിച്ച ശേഷം ഭരണരംഗത്ത് ഒരു കൈ നോക്കിയെങ്കിലും ഉറച്ച് നിന്നില്ല.
നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടറായും പ്രവര്‍ത്തിച്ചു. പക്ഷേ കോളിന്‍സിനെ ലോകം ഭാവിയില്‍ ഓര്‍ക്കുന്നത് ഏകനായി ചന്ദ്രനെ വലംവയ്ക്കുമ്പോള്‍ അങ്ങകലെ കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ച വാക്കുകള്‍ കൊണ്ടായിരിക്കും. ശാന്തം, മനോഹരം, പക്ഷേ ദുര്‍ബലം.