KeralaNews

ഇരുവശത്തും കോണ്‍ക്രീറ്റ് മതിലുകള്‍, കെ റെയില്‍ കേരളത്തെ രണ്ടാക്കും; പരിസ്ഥിതി ദുരന്തമുണ്ടാവുമെന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ചെലവു കുറച്ചുകാട്ടിയും വസ്തുതകള്‍ മറച്ചുവച്ചും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന വാദം തെറ്റാണെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതി സംസ്ഥാനത്ത് വലിയതോതില്‍ പരിസ്ഥിതിക ആഘാതം ഉണ്ടാക്കും. പൗരപ്രമുഖരമായുള്ള കുടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്.

സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണ്. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു കാരണമാകും.

വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ തടസ്സപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക.ഈ 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിജ്/റോഡ് അണ്ടര്‍ ബ്രിജുകള്‍ നിര്‍മിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവുവരും.

ഇതിനായി മാത്രം 16,000 കോടി രൂപ വേണ്ടിവരുമെന്നര്‍ഥം. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നതും പരിഗണിച്ചിട്ടില്ല. അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആര്‍ പുറത്തുവിടില്ലെന്ന വാദവും കളവാണ്. ഞാന്‍ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. ഒരെണ്ണം പോലും ജനങ്ങളില്‍നിന്ന് ഒളിപ്പിച്ചിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker