കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും മെറ്റ: നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും
സാന്‍ഫ്രാന്‍സിസ്‌കോ:ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.
മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായികൂടിയാണ് പിരിച്ചുവിടലെന്ന് മെറ്റയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
കമ്പനി നേരിടുന്ന പ്രതിസന്ധി ചെറുക്കാന്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും മെറ്റ പിന്‍വലിച്ചു.
2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്.
പണപ്പെരുപ്പത്തേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് കരുതല്‍ നടപടിയായാണ് കമ്പനകള്‍ ചെലവുകുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.