പാരീസ്: ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തമ്മിലുള്ള താരതമ്യം ഏറെ നാളായി തുടരുകയാണ്. ഇവരിലാരാണ് കേമന്‍ എന്നതിനായി ആരാധകര്‍ പലപ്പോഴും പോരടിക്കാറുണ്ട്. റെക്കോഡുകള്‍ വാരിക്കൂട്ടാനായി ഇപ്പോഴും ഇരുവരും മത്സരിക്കുകയാണ്.
2022 ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊണ്ട് മെസ്സി തന്റെ കരിയറിലെ മിക്ക കിരീടങ്ങളും നേടി വിമര്‍ശകരുടെ വായടപ്പിച്ചു. ഇപ്പോഴിതാ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്ന് മെസ്സി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ വിവിധ ടീമുകള്‍ക്കായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ മെസ്സി റൊണാള്‍ഡോയെ മറികടന്നു. 696 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. ഫ്രഞ്ച് ലീഗ് വണ്ണില്‍ മോണ്ട്‌പെലിയറിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെ മെസ്സിയുടെ ഗോള്‍നേട്ടം 697 ആയി ഉയര്‍ന്നു. റൊണാള്‍ഡോയേക്കാള്‍ 84 മത്സരങ്ങള്‍ കുറച്ചുകളിച്ചിട്ടാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ പി.എസ്.ജി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മോണ്ട്‌പെലിയെറിനെ കീഴടക്കി. മെസ്സിയ്ക്ക് പുറമേ ഫാബിയാന്‍ റൂയിസ്, വാറെന്‍ സൈറെ എമെറി എന്നിവരും പി.എസ്.ജിയ്ക്ക് വേണ്ടി വലകുലുക്കി.