News

കൊവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയും; പഠനം

കൊവിഡ് വൈറസ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍. റോം യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ ശരാശരി മുപ്പത്തിമൂന്ന് വയസുള്ള നൂറ് പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

കൊവിഡ് ബാധിക്കാത്ത പുരുഷന്മാരില്‍ ഒന്‍പത് ശതമാനം ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ കൊവിഡ് ബാധിച്ചവരില്‍ അത് 28 ശതമാനമാണ്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതെലിയത്തെ കൊവിഡ് വൈറസ് ബാധിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലുകള്‍ നേര്‍ത്തതും ചുരുങ്ങിയതുമാണ്. ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം. ഇത് പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു. പത്ത് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.28 ലക്ഷമായി.

ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 4.56 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ 6.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.66 ലക്ഷമായി ഉയര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button