ചുവന്ന ലിപ്‌സ്റ്റിക് ഇട്ടതിന് അമ്മയെ ബന്ധുക്കള്‍ കളിയാക്കി; അതേ ലിപ്‌സ്റ്റിക് ഇട്ട് ബന്ധുക്കള്‍ക്ക് ചിത്രം അയച്ച് നല്‍കി മകന്‍
ചുവന്ന ലിപ്സ്റ്റിക് ധരിക്കുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നുണ്ട്. ‘മോശം’ സ്ത്രീകളാണ് ഈ നിറം ചുണ്ടില്‍ ഉപയോഗിക്കുന്നത് എന്നാണ് സമൂഹം നല്‍കിയിരിക്കുന്ന നിര്‍വചനം. അതുകൊണ്ട് തന്നെ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരില്‍ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെന്‍ എന്ന യുവാവ്.
ചുവന്ന ലിപ്സ്റ്റിക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കള്‍ക്ക് അതേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ തന്റെ ചിത്രം അയച്ച് നല്‍കിയായിരുന്നു പുഷ്പകിന്റെ പ്രതികാരം. ഈ അനുഭവം പുഷപക് ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
‘ഒരു കുടുംബയോഗത്തില്‍ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവര്‍ക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാന്‍ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും.
എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് അമ്മയെ ഇത്തരത്തില്‍ അപമാനിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആദര്‍ശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ്.
ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാന്‍ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, പെണ്‍മക്കള്‍ക്കും, പുരുഷന്മാരല്ലാത്ത എല്ലാവര്‍ക്കും വേണ്ടി ഞാനിന്ന് ശബ്ദമുയര്‍ത്തുകയാണ്.’