69ന്റെ നിറവില്‍ മെഗാസ്റ്റാര്‍; ആശംസകളുമായി താരങ്ങള്‍
മലയാളത്തിന്റെ പ്രിയ നടന്‍ പത്മശ്രീ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസകളുമായി നിരവധി താരങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു.
1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.