മസ്കിൻ്റെ ‘അദൃശ്യ കാമുകി’ നടാഷ ബസെറ്റ്; ഓസ്ട്രേലിയൻ സുന്ദരി മസ്ക്കിനെ പ്രണയിച്ചതെന്തിന്?
കഴിഞ്ഞ ഏതാനും ദിവസം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ സിനിമാ താരം നടാഷ ബസെറ്റ് എന്ന ഓസ്ട്രേലിയൻ നടിയായിരുന്നു. ഹോളിവുഡ് സിനിമാ ആരാധകർക്കുപോലും ഒരു പക്ഷേ, ഈ പേര് അത്ര പരിചിതമായിരിക്കില്ല. ഓസ്കർ പുരസ്കാര നിശ വാതിൽപടിയിൽ നിൽക്കുന്നതിനാൽ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണെന്നു കരുതിയാൽ തെറ്റി. പിന്നെ ആരാണ് നടാഷ. രണ്ടു ദിവസമായി ഇന്റർനെറ്റിൽ ഇത്രയധികം തിരയപ്പെടാൻ മാത്രം അവർ എന്തുചെയ്തു? ഉത്തരം ലളിതമാണ്. ടെസ്‍ല കമ്പനിയുടെ ഒരു ഒരു പ്രൈവറ്റ് ജെറ്റിൽ അവർ യാത്ര ചെയ്തു. അതിൽ എന്താണിത്ര പ്രത്യേകതയെന്നു ചിന്തിക്കുന്നവർ നടാഷയുടെ സഹയാത്രികൻ ആരാണെന്നു കൂടി അറിയണം. ലോകത്തെ ഏറ്റവും സമ്പന്നനായ, ടെസ്‍ല ആൻഡ് സ്പേസ് എക്സ് കമ്പനിയുടെ സിഇഒ സാക്ഷാൽ ഇലോൺ മസ്ക്. അദ്ദേഹത്തോടൊപ്പമാണ് നടാഷ പറന്നിറങ്ങിയത്.
തന്റെ കനേഡിയൻ ഗേൾഫ്രണ്ട് ഗ്രിംസുമായി മൂന്നു വർഷം നീണ്ടുനിന്ന ദാമ്പത്യം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അൻപതുകാരനായ മസ്ക് അവസാനിപ്പിച്ചത്. അതിനുശേഷം ഒരു റിലേഷൻഷിപ്പിനു താൽപര്യമില്ലെന്ന സൂചനകളാണ് അദ്ദേഹം നൽകിയത്. എന്നാൽ മസ്ക് തന്റെ പുതിയ കൂട്ടുകാരിക്കൊപ്പം അവധിയാഘോഷിക്കാൻ ഒരു സ്വകാര്യ ദ്വീപിലേക്കു അടുത്തിടെ പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാപ്പരാസികൾ കിണഞ്ഞു ശ്രമിച്ചിട്ടും ആരാണ് ആ ‘അദൃശ്യ കാമുകി’ എന്നുമാത്രം കണ്ടെത്താനായില്ല. അവർ തോറ്റുപിൻമാറിയപ്പോഴാണ് സസ്പെൻസ് പൊട്ടിച്ച് മസ്ക്കിനൊപ്പം നടാഷ പറന്നിറങ്ങിയത്. 2017 മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു. എന്നാൽ മസ്ക് ആ സമയത്ത് ഗ്രിംസുമായി റിലേഷൻഷിപ്പിൽ ആയിരുന്നതിനാൽ തനിക്കു തോന്നിയ പ്രണയം തുറന്നുപറഞ്ഞില്ലെന്ന് നടാഷ പറയുന്നു. പിന്നീട് മസ്ക് ഈ ബന്ധം അവസാനിപ്പിച്ചതോടെ തന്റെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞെന്നും അത് അദ്ദേഹം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നെന്നും നടാഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അൻപതുകാരനായ മസ്കിനെ പ്രണയിക്കാൻ 27 കാരി നടാഷയെ പ്രേരിപ്പിച്ചത് അയാളുടെ സമ്പത്ത് ആണെന്ന് പരക്കെ വിമർശനമുണ്ടായി. ഇത്തരം ആരോപണങ്ങളുമായി പലരും നടാഷയെ വ്യക്തിഹത്യ ചെയ്തു. ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമനായ മസ്ക്, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക പുരോഗതി ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ പണം സ്വന്തമാക്കാനാണ് നടാഷ മസ്കിന്റെ പുറകെ പോകുന്നത് എന്നായിരുന്നു ചിലരുടെ ആരോപണം. അതോടെ നടാഷ മൗനം വെടിഞ്ഞ് വിമർശകർക്ക് മറുപടിയുമായി എത്തിയത്. ‘‘അദ്ദേഹത്തിന് എത്ര പണമുണ്ട്, സ്വത്തുണ്ട് ഇതൊന്നും എന്റെ വിഷയമല്ല. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും ഭാവിയെക്കുറിച്ചുള്ള യുക്തിഭദ്രമായ ചിന്തകളുമാണ്. അതിനെയാണ് ഞാൻ പ്രണയിച്ചത്. ലോകത്ത് അദ്ദേഹത്തെക്കാൾ മികച്ചൊരു ബുദ്ധിമാനെ കണ്ടെത്താൻ സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല’’ എന്നായിരുന്നു നടാഷയുടെ മറുപടി.
ഗായികയും അഭിനേത്രിയുമായ ബ്രിട്നി സ്പിയേഴ്സിന്റെ ജീവിതത്തെ ആസ്പദമാക്കി 2017ൽ പുറത്തിറങ്ങിയ ‘ബ്രിട്നി എവർ ആഫ്ടർ’ എന്ന ചിത്രത്തിൽ ബ്രിട്നിയെ അവതരിപ്പിച്ചതോടെയാണ് നടാഷ എന്ന അഭിനേത്രിയെ ഹോളിവുഡ് ശ്രദ്ധിച്ചത്. ഓസ്ട്രേലിയൻ അഭിനേതാക്കൾക്ക് ക്ഷാമമില്ലാത്ത ഹോളിവുഡിലേക്ക് അങ്ങനെ നടാഷയും എത്തി. ഈ ചിത്രത്തിന്റെ പ്രീമിയറിൽ വച്ചാണ് മസ്ക്കും നടാഷയും ആദ്യമായി കണ്ടുമുട്ടിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതല്ല, ഓസ്ട്രേലിയയിൽ നടന്ന ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നതെന്നും പറയപ്പെടുന്നു. അമേരിക്കൻ ഗായകനായ എൽവിൻ പേഴ്സ്‌ലിയുടെ ബയോപിക്കിലാണ് നടാഷ നിലവിൽ അഭിനയിക്കുന്നത്. ഉടൻതന്നെ മസ്ക്കും നടാഷയും വിവാഹിതരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.