CrimeEntertainmentKeralaNews

ആദ്യം വെല്ലുവിളി,പിന്നെ കരച്ചിൽ;നടി മീരാ മിഥുന്റെ അറസ്റ്റിന് മുമ്പായി നടന്ന നാടകങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ പരാമർശങ്ങളുടെ പേരിൽ തമിഴ് നടിയും മോഡലുമായ മീര മിഥുന്റെ അറസ്റ്റിന് മുമ്പേ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. തിരുവനന്തപുരത്തു നിന്നാണ് നടിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടിയുടെ പേരിൽ കേസെടുത്തത്.

ആദ്യം തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പോലീസിനെ വെല്ലുവിളിച്ച നടി അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കരഞ്ഞു. പോലീസിനെ തടയാൻ ശ്രമിച്ച നടി അലമുറയിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. താൻ സ്വയം മുറിവേൽപ്പിക്കുമെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്.

തന്നെ തമിഴ്നാട് പോലീസ് ഉപദ്രവിക്കുകയാണെന്നും നടി ആരോപിച്ചു. ഒളിവിലായിരുന്നപ്പോൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും നടി ശ്രമിച്ചതായാണ് വിവരം. ഡൽഹിയിലാണെന്ന് തോന്നിപ്പിക്കുംവിധം പഴയ ചിത്രങ്ങളും വീഡിയോകളും പുതിയതെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു തെറ്റിദ്ധരിപ്പിക്കൽ ശ്രമം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടിക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പോലീസ് സമൻസയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് ഹാജരാകാതെ നടി ഒളിവിൽപ്പോയി. ഈസമയത്തും സാമൂഹികമാധ്യമങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ചിരുന്നു. തുടർന്നാണ് സാങ്കേതിക സഹായത്തോടെ നടി ഒളിവിലുള്ള സ്ഥലം കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്.

കേരളത്തിലേക്ക് കടന്നുവെന്ന് വ്യക്തമായതോടെ കേരള പോലീസിന്റെ സഹായം തേടി. തുടർന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽനിന്ന് നടിയെ പിടികൂടുകയായിരുന്നു. ഇവരെ ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.

സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി വിവാദപരാമർശം നടത്തിയത്. എസ്.സി. വിഭാഗത്തിൽപ്പെട്ടവർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണെന്നും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സംവിധായകരെ തമിഴ് സിനിമയിൽനിന്ന് പുറത്താക്കണമെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്. എസ്.സി. വിഭാഗത്തിലുൾപ്പെട്ടവർ കുറ്റകൃത്യം ചെയ്യുന്നത് കാരണമാണ് സമൂഹത്തിൽ അവർക്ക് അപമാനം നേരിടേണ്ടി വരുന്നതെന്നും നടി അഭിപ്രായപ്പെട്ടു. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ ദളിത് വിഭാഗങ്ങളിൽനിന്ന് എതിർപ്പുയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button