NationalNews

വീട് പകുതിയും കത്തിയമര്‍ന്നു; ഞങ്ങള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങി; ലോസാഞ്ചലസ് കാട്ടു തീയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ പറഞ്ഞ് സംവിധായിക മീരാ മേനോൻ

ലോസാഞ്ചലസ് :കാട്ടു തീയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഹോളിവുഡ് സംവിധായിക മീരാ മേനോനും കുടുംബവും. പക്ഷേ, വീട് പകുതിയും കാട്ടുതീ കവര്‍ന്നു. വിലപിടിപ്പുള്ള പലതും നഷ്ടമായി. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയാതെ വിഷമത്തിലാണ് മലയാളിയായ മീരാ മേനോനും ഭര്‍ത്താവും. കാട്ടുതീ ലോസാഞ്ചലസില്‍ സര്‍വ്വ സാധാരണമെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമെന്ന് മീര പറയുന്നു. ആളി പടര്‍ന്ന തീയില്‍ നിന്നും അവസാന നിമിഷമാണ് രക്ഷപ്പെട്ടതെന്നും മീര പറയുന്നു.

ലൊസാഞ്ചലസ് വിമാനത്താവളത്തിനു സമീപം സഹോദരി ഡോ. താരയുടെ വീട്ടിലിരുന്നാണ് മീര സിനിമയെ വെല്ലുന്ന രക്ഷപ്പെടലിന്റെ കഥ പറഞ്ഞത്. മീരയും ഭര്‍ത്താവും മൂന്നു വയസ്സുള്ള കുഞ്ഞും രക്ഷപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇവര്‍ താമസിച്ചിരുന്ന പ്രദേശവും റോഡുകളുമെല്ലാം തീ പടര്‍ന്നിരുന്നു.

ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തുള്ള ആള്‍ട്ട ഡീനയിലാണു മീരയും കുടുംബവും താമസിക്കുന്നത്. ഹോളിവുഡ് സിനിമാപ്രവര്‍ത്തകരാണ് അയല്‍ക്കാരെല്ലാം. സന്‍ഡാന്‍സ് ഫെസ്റ്റിവലിലേക്കു തന്റെ ‘ഡിഡിന്റ് ഡൈ’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു മീരയും ഭര്‍ത്താവ് പോള്‍ ഗ്ലീസനും.

22നു തുടങ്ങുന്ന മേളയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലുമായിരുന്നു ഇരുവരും. ഏഴാം തീയതി ഉച്ചയ്ക്കുശേഷം വീട്ടിലെത്തുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. സാധാരണ അങ്ങനെ സംഭവിക്കാറില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണു കാട്ടുതീയെപ്പറ്റി അറിഞ്ഞത്. കാട്ടുതീ ഇവിടെ സാധാരണ സംഭവമാണ്. ടൗണിനെ ബാധിക്കാറില്ല. അതുകൊണ്ട് തന്നെ ഭയപ്പാട് ഒന്നും തോന്നിയതും ഇല്ല.

വൈദ്യുതി ഇല്ലാത്തതിനാല്‍ ടിവി കാണാനോ ജോലി ചെയ്യാനോ പറ്റാത്തതിനാല്‍ കിടക്കാന്‍ തീരുമാനിച്ചു. മൂന്ന് വയസ്സുള്ള മകള്‍ ലക്ഷ്മിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. രാത്രി 7 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നു. ചെറുതായി മയങ്ങിയപ്പോഴാണ് വാതിലില്‍ ആരോ മുട്ടുന്നതുപോലെ തോന്നിയത്. അടുത്തുള്ള വീട്ടിലെ ജെയിന്‍ ആന്റിയാണ്. അവര്‍ പലപ്രാവശ്യം ഫോണില്‍ വിളിച്ചിരുന്നെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കോളിങ് ബെല്‍ പ്രവര്‍ത്തിക്കുന്നുമില്ലായിരുന്നു. അതിനാലാണ് പടികയറിയെത്തി വാതിലില്‍ മുട്ടിയത്. വിവരം അറിഞ്ഞതോടെ ഭയന്നു പോയി.

കയ്യില്‍ കിട്ടിയ സാധനങ്ങളും രേഖകളും എടുത്ത് ഞങ്ങള്‍ കാറില്‍ കയറി. റോഡിലെത്തിയപ്പോഴാണു സംഭവത്തിന്റെ ഭീകരത മനസ്സിലായത്. ഇരുവശത്തുമുള്ള മലകളില്‍ തീപടരുകയാണ്. 25 കിലോമീറ്റര്‍ അകലെ ചേച്ചി താരയുടെ വീട്ടിലെത്തിയത് ഒരുമണിക്കൂറുകൊണ്ടാണ്. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് ഞങ്ങളുടെ വീടിന്റെ പകുതിഭാഗം കത്തിനശിച്ച കാര്യം അറിഞ്ഞത്. ഞങ്ങള്‍ രക്ഷപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങിയിരുന്നു.

വീടിനുള്ളിലെ മെഴുകുതിരിവെളിച്ചം കണ്ടാണു ജെയിന്‍ ആന്റി കയറിവന്നത്. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മീര പറഞ്ഞു.

ഹോളിവുഡില്‍ അനിമേഷന്‍ ജോലി ചെയ്യുകയാണ് മീരയുടെ ഭര്‍ത്താവ് പോള്‍. ഇരുവരും ചേര്‍ന്നാണ് ‘ഡിഡിന്റ് ഡൈ’യുടെ തിരക്കഥ എഴുതിയത്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സില്‍നിന്നു സംവിധാനത്തില്‍ ബിരുദാനന്തരബിരുദം നേടിയയാളാണ് മീര.

‘മിസ് മാര്‍വല്‍’ എന്ന വെബ് സീരീസിലെ 2 എപ്പിസോഡ് സംവിധാനം ചെയ്തു. ഇക്വിറ്റി, ഫാറ ഗോസ് ബാങ് എന്നിവയാണു മറ്റു പ്രധാന ചിത്രങ്ങള്‍. പാലക്കാട് സ്വദേശിയായ ചലച്ചിത്രനിര്‍മാതാവ് താരാ ആര്‍ട്‌സ് വിജയന്‍ മേനോനാണ് അച്ഛന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker