ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിടെ വന്‍ സ്‌ഫോടനം. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബജൂര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. 39 പേര്‍ കൊല്ലപ്പെട്ടെന്നും 50ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
ബജൂര്‍ ജില്ലയുടെ തലസ്ഥാനമായ ഖാറില്‍ മൗലാന ഫസ്ലുര്‍ റഹ്മാന്റെ ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം പാര്‍ട്ടിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എത്തുന്നതിന് മുമ്പാണ് സ്ഫോടനം നടന്നതെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഐ ജി അക്തര്‍ ഹയാത് ഗണ്ഡാപൂര്‍ പറഞ്ഞു. ആക്രമണം ചാവേര്‍ സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ തെഹ്രിക്-ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ആണെന്ന സൂചനയുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.