കൊവിഡ് കാലത്ത് വൻ ലാഭം,നിലവിൽ നഷ്ടത്തിൽ, പിരിച്ചുവിടലുമായി സൂമും
കൊവിഡ് കാലത്ത് ഏറെ വരുമാനമുണ്ടാക്കിയ കമ്പനിയാണ് സൂം. ഇപ്പോഴിതാ സൂമും സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കോളിങ് സേവനമാണ് സൂം നൽകുന്നത്. സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി തങ്ങളുടെ ജീവനക്കാരിൽ 15 ശതമാനം പേരെ പിരിച്ചുവിടുകയാണ് ഇപ്പോൾ സൂം.1300 ജീവനക്കാർക്കാണ് ഇതോടെ ജോലി നഷ്ടപ്പെടുക.
കമ്പനി മേധാവി എറിക് യുവാനാണ് ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. വരുന്ന സാമ്പത്തികവർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും എറിക് പ്രഖ്യാപിച്ചു. എറികിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തിൽ 20 ശതമാനം കുറവ് വരുത്തും.
ശമ്പളത്തോടൊപ്പം ബോണസിലും കുറവ് വരുത്തും. സൂം ഇപ്പോഴും നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് സൂമിന് ആരാധകർ കൂടിയത്. പരസ്പരം കാണാനും സംസാരിക്കാനും സൂം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. സൂമിന്റെ വിജയം കണ്ട് വാട്‌സാപ്പ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ സൂമിന് സമാനമായി വീഡിയോ കോളിങ് സേവനങ്ങൾ പരിഷ്കരിച്ചു.
ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രം ഹോം ജോലികളും സൂമിനെ വളർത്തി.എന്നാൽ ലോക്ക് ഡൗൺ കാലം അവസാനിച്ചത് കമ്പനിയ്ക്ക് തിരിച്ചടിയായി. 16 ആഴ്ചത്തെ ശമ്പളവും ഹെൽത്ത് കെയർ കവറേജും, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും ഉൾപ്പടെയുള്ള അനുകൂല്യങ്ങളാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ് എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും കാരണം ഉപഭോക്തൃ, കോർപ്പറേറ്റ് ചെലവുകൾ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോൾ. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായി ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിച്ചിരുന്നു.