വളര്‍ത്തു നായയുടെ വയറ്റില്‍ നിന്ന് മാസ്‌ക് കണ്ടെത്തി; വീഡിയോ പങ്കുവെച്ച് ഐ.എ.എസ് ഓഫീസര്‍
ചെന്നൈ: ലോകമെങ്ങും കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്കും പിപിഇ കിറ്റും സാനിറ്റൈസറുമെല്ലാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ വലിയ രീതിയിലാണ് ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ ഒരേ സമയം രണ്ട് മാസ്‌ക്കുകള്‍ വെക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതേസമയം മാസ്‌ക്കും, പിപിഇ കിറ്റുമെല്ലാം സര്‍വ്വസാധാരണമാകുമ്പോള്‍ ഇവയുടെ ഉപയോഗത്തിന് ശേഷമുള്ള ശരിയായ സംസ്‌ക്കരണവും വലിയ വെല്ലുവിളിയായി തുടരുകയാണ്. അലക്ഷ്യമായി ഇവ വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷം ഉണ്ടാക്കും എന്നത് പോലെ തന്നെ മറ്റ് ജീവികളെയും ബാധിക്കും. അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം മൃഗഡോക്ടര്‍മാര്‍ ചേര്‍ന്ന് സൈബീരിയന്‍ ഹസ്‌ക്കി വിഭാഗത്തില്‍ പെട്ട നായയുടെ വയറ്റില്‍ നിന്നു മാസ്‌ക്ക് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഐഎഎസ് ഓഫീസര്‍ സുപ്രിയ സഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
”നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്‌ക്കുകള്‍ മൃഗങ്ങളുടെ ജീവനെടുത്തേക്കാം. ചെന്നൈയിലുള്ള തമിഴ്നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ സൈബീരിയന്‍ ഹസ്‌ക്കി വിഭാഗത്തില്‍ പെട്ട നായയുടെ വയറ്റില്‍ നിന്നും മാസ്‌ക്ക് സുരക്ഷിതമായി പുറത്തെടുക്കുന്നു. ദുര്‍ബല ഹൃദയമുള്ളവര്‍ക്കുള്ള വീഡിയോ അല്ലിത്. മാസ്‌ക്കുകളുടെ ശരിയായ സംസ്‌ക്കരണം ഉറപ്പു വരുത്തുക,” വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പില്‍ ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു പറഞ്ഞു.
https://twitter.com/i/status/1403641784484331524
അലക്ഷ്യമായി കിടന്നിരുന്ന മാസ്‌ക്ക് നായ വിഴുങ്ങിയതായിരിക്കും എന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയ വലിയ ഞെട്ടലോടെയാണ് വീഡിയോ സ്വീകരിച്ചത്. മാസ്‌ക്ക് സൂക്ഷിക്കുമ്പോഴും ഉപയോഗ ശേഷം കളയുമ്പോഴും അതിയായ ശ്രദ്ധവേണമെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു.
സൈബീരിയല്‍ ഹസ്‌ക്കി വീട്ടില്‍ വളര്‍ത്തുന്ന മുന്തിയ ഇനം വിഭാഗത്തില്‍പ്പെട്ട നായ ആണെന്നും വീട്ടിനുള്ളില്‍ നിന്നോ പുറത്ത് നടക്കാനിറങ്ങിയപ്പോഴോ ആയിരിക്കണം മാസ്‌ക്ക് വിഴുങ്ങിയത് എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഭൂമിയിലെ മറ്റ് ജീവികളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും മാസ്‌ക്കുകള്‍ ഉപയോഗ ശേഷം ശരിയായ രീതിയില്‍ സംസ്‌ക്കരിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. നായയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാക്ക് നന്ദി പറഞ്ഞും നിരവധി പേര്‍ കമന്റ് ചെയ്തു.