വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍
പട്‌ന: വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്വര്‍ണാഭരണങ്ങളും പണവുമായി കാമുകനുമായി ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ബിഹാര്‍ കൈമുര്‍ സ്വദേശിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം പോയത്. ഇവരുടെ ഭര്‍തൃകുടുബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നിന്നാണ് യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ഇവരെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൊബൈല്‍ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി ഉത്തര്‍പ്രദേശിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുപത് പവനോളം സ്വര്‍ണം,ഒന്നരലക്ഷം രൂപ, ഒന്നരക്കിലോ വെള്ളി എന്നിവയും യുവതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ക്രൂരമായ മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം അവിടെ നിന്നും രക്ഷപ്പെട്ടത് എന്നായിരുന്നു മൊഴി. ഭര്‍തൃവീട്ടില്‍ നിന്നും ഒന്നും എടുത്തിരുന്നില്ലെന്നും തന്റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണ്ണവും പണവുമാണ് കൊണ്ടു പോയതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.