വനിത മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്റെ പരാതി.
തന്റെ വനിത മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെയാണ് റയാന്‍ ഓളോഹന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.
2019ല്‍ ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്ബനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെ ടിഫനി മില്ലര്‍ തന്നെ സ്‌പര്‍ശിച്ചുവെന്നും തനിക്ക് ഏഷ്യന്‍ സ്ത്രീകളോടാണ് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് തന്നോട് പറഞ്ഞുവെന്നും റയാന്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ ശരീര സൗന്ദര്യത്തെ പുകഴ്ത്തിയ ടിഫനി അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്നും പറഞ്ഞു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്‌സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹം പുതിയ മാനേജ്മെന്റ് ടീമിലെത്തുകയും ചെയ്തു. ഈ ടീമിലെ സൂപ്പര്‍വൈസറായിരുന്നു ആരോപണ വിധേയയായ ടിഫനിയും.
വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമായ റയാന് ടിഫനിയുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ക്കും ടിഫനിയുടെ പെരുമാറ്റം അറിയാമായിരുന്നുവെന്ന് റയാന്‍ പറയുന്നു. പിന്നീട് ഈ സംഭവം ഗൂഗിളിന്റെ എച്ച്‌ആര്‍ വിഭാഗത്തെ റയാന്‍ അറിയിച്ചു. എന്നാല്‍ ആ പരാതിയില്‍ നടപടി ഉണ്ടായില്ല. മാത്രമല്ല ഒരു വെള്ളക്കാരനായ ഉദ്യോഗസ്ഥന്റെ പീഡനത്തിനെതിര ഒരു വനിത ഉദ്യോഗസ്ഥയാണ് പരാതി നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും നടപടിയുണ്ടായേനെ എന്ന് എച്ച് ആര്‍ പ്രതിനിധി തന്നോട് തുറന്ന് പറഞ്ഞതായും റയാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം റയാന്റെ ജോലിസ്ഥലത്തെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ടിഫനിയും റയാനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ചെയ്ത കുറ്റം എന്താണെന്ന് അവര്‍ വ്യക്തമാക്കിയില്ലെന്നും റയാന്‍ പരാതിയില്‍ പറയുന്നു. 2021ല്‍ നടന്ന ഒരു പരിപാടിക്കിടെ ടിഫനി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് തന്നെ ശകാരിച്ചു.
അവരെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഈ സംഭവത്തില്‍ അവര്‍ പിന്നീട് മാപ്പ് പറഞ്ഞുവെന്നും റയാന്‍ പറഞ്ഞു. തനിക്ക് ടിഫനിയില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങള്‍ കമ്ബനിക്കും അറിവുള്ളതായിരുന്നു. പിന്നീട് 2022 ല്‍ നടന്ന ഒരു പരിപാടിക്കിടയിലും അവര്‍ തന്നെ അപമാനിച്ചുവെന്ന് റയാന്‍ ആരോപിച്ചു. ഈ സംഭവങ്ങളെല്ലാം തനിക്ക് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി.
മാനേജ് മെന്റ് ടീമില്‍ കൂടുതലും പാശ്ചാത്യരായ പുരുഷന്മാരാണെന്നും ഒരു വനിതയ്ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് തന്നെ പുറത്താക്കുന്നത് എന്നാണ് കമ്ബനി വിശദീകരണമെന്നും റയാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ടിഫനിയുടെ പ്രതികരണം.