28.3 C
Kottayam
Sunday, April 28, 2024

പൗരത്വം കിട്ടാന്‍ വിവാഹം; കടുത്ത നടപടിക്ക് കുവൈത്ത്, 211 പേരുടെ പൗരത്വം റദ്ദാക്കി

Must read

കുവൈത്ത് സിറ്റി: 211 പേരുടെ പൗരത്വം കുവൈത്ത് ഭരണകൂടം റദ്ദാക്കി. രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൗരത്വം ലഭിക്കാന്‍ വേണ്ടി വ്യാജമായ രേഖകള്‍ ഉണ്ടാക്കിയതും താല്‍ക്കാലിക വിവാഹ ഉടമ്പടികളുണ്ടാക്കിയതുമെല്ലാം അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ പൗരത്വം റദ്ദാക്കിയത്. കുറഞ്ഞ കാലയളവില്‍ 211 പേരുടെ പൗരത്വം റദ്ദാക്കുന്നത് അപൂര്‍വമാണ്.

പൗരത്വം ലഭിക്കുന്നതിന് വ്യാജമായ രേഖ ഉണ്ടാക്കിയതടക്കമുള്ളവരുടെ വിവരങ്ങള്‍ സിറ്റിസണ്‍ഷിപ്പിന് വേണ്ടിയുള്ള സുപ്രീം കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഈ സമിതി വിശദമായ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുക്കുന്നത്. ഇപ്പോഴും പരിശോധന തുടരുന്നതിനാല്‍ കൂടുതല്‍ പേരുടെ പൗരത്വം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പൗരത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത് അറബിക് പത്രമായ അല്‍ ഖബാസ് ആണ്. 46 ലക്ഷം പേര്‍ താമസിക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. ഇതില്‍ ഭൂരിഭാഗം വിദേശികളാണ്. ജോലി ആവശ്യാര്‍ഥമെത്തിയ ഇന്ത്യക്കാരാണ് കൂടുതലും. അതേസമയം, കുവൈത്തില്‍ പൗരത്വം ലഭിക്കാന്‍ ചിലര്‍ വ്യാജരേഖ സൃഷ്ടിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരട്ട പൗരത്വമുള്ളവരും ഇതില്‍പ്പെടും. ഇരട്ട പൗരത്വം കുവൈത്ത് പ്രോല്‍സാഹിപ്പിക്കുന്നില്ല. കുവൈത്തികളല്ലാത്ത വനിതകള്‍ കുവൈത്തി പുരുഷന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയ ശേഷം വിവാഹ മോചനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു.

ഇരട്ട പൗരത്വമുള്ളവര്‍ക്ക് കുവൈത്ത് പൗരത്വം ഒഴിവാക്കാനും നിലനിര്‍ത്താനും സാധിക്കും. ഒരേ സമയം രണ്ട് പൗരത്വം അനുവദിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഭരണകൂടം ഹോട്ട് ലൈന്‍ ഒരുക്കിയിരുന്നു. ഇതുവഴി ആഭ്യന്തര മന്ത്രാലയത്തിന് 407 പരാതികളാണ് ലഭിച്ചത്. വിശദമായ പരിശോധന നടത്തിയ ശേഷം പരാതികള്‍ രേഖകള്‍ സഹിതം സുപ്രീം കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.

ശേഷം കമ്മിറ്റിയുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടിയെടുക്കുന്നത്. ഒരുപാട് തവണ പരിശോധന നടത്താതെ ആരുടെയും പൗരത്വം റദ്ദാക്കില്ലെന്ന് ആക്ടിങ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അല്‍ സബാഹ് പറഞ്ഞു. നിയമ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സുതാര്യമല്ലാത്ത നടപടികളുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week