‘ഇതെന്ത് വിവാഹ വസ്ത്രം’; ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവച്ച യുവതിക്ക് പറ്റിയ അമളി…
വിവാഹമെന്നാല്‍ ജീവിതത്തിലെ ഏറ്റവും ‘സ്‌പെഷ്യല്‍’ ആയ ദിവസങ്ങളിലൊന്നാണ്. അന്നേ ദിവസം അണിയാനുള്ള വസ്ത്രത്തെ കുറിച്ചും ആഭരണങ്ങളെ കുറിച്ചുമെല്ലാം ഓരോ സ്ത്രീക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള സങ്കല്‍പങ്ങള്‍ കാണും.
ഇത്രയും ചിന്തിച്ച്, ആഗ്രഹിച്ച്, സ്വപ്‌നം കണ്ട് തയ്യാറാക്കിയെടുക്കുന്ന വിവാഹവസ്ത്രത്തിന് അവസാന നിമിഷത്തില്‍ എന്തെങ്കിലും പോരായ്കയുണ്ടായാലോ! എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാലോ! തീര്‍ച്ചയായും അത് പ്രശ്‌നമായിത്തീരും, അല്ലേ?
ഇത്രയുമേ കെന്റക്കി സ്വദേശിയായ ഓബ്രേയുടെ കാര്യത്തിലും സംഭവിച്ചുള്ളൂ. തന്റെ വിവാഹത്തിനായി ഓര്‍ഡര്‍ ചെയ്ത ഫ്രോക്കെത്തി, അത് ധരിച്ചുനോക്കിയപ്പോള്‍ ഓേ്രബ ആകെ ഞെട്ടിപ്പോയി. താന്‍ തീരുമാനിച്ച പ്രകാരമുള്ള ഡിസൈനേ അല്ലായിരുന്നു അതെന്ന് അവര്‍ തിരിച്ചറിഞ്ഞു.
അപ്പോഴത്തെ ദേഷ്യത്തില്‍ അവര്‍ ഫ്രോക്ക് തയ്യാറാക്കിയ കമ്പനിക്ക് രോഷമറിയിച്ചുകൊണ്ട് ഒരു ഇ-മെയിലും അയച്ചു. തുടര്‍ന്ന് ഫ്രോക്ക് ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലും പങ്കുവച്ചു. എന്നാല്‍ ഇതിനെല്ലാം ശേഷമായിരുന്നു സംഭവത്തില്‍ വമ്പന്‍ ‘ട്വിസ്റ്റ്’ വന്നത്.
തങ്ങള്‍ തയ്യാറാക്കിയ ഫ്രോക്കിന് കുഴപ്പമൊന്നുമില്ലെന്നും അത് നിങ്ങള്‍ തിരിച്ചാണ് ധരിച്ചിരിക്കുന്നതെന്നും കമ്പനി ഓബ്രേയോട് മറുപടിയായി പറഞ്ഞു. ഉടനെ തന്നെ ഓബ്രേ ഫ്രോക്ക് പരിശോധിച്ചു. അപ്പോഴാണ് അവര്‍ തനിക്ക് പറ്റിയ അമളി മനസിലാക്കുന്നത്. ഏതായാലും തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ചും ഓബ്രേ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ രസകരമായ സംഭവം വൈറലാവുകയായിരുന്നു.