FeaturedHome-bannerInternationalNews

കാനഡയെ നയിക്കാൻ മാർക്ക് കാർനി; കാനഡയിലെ ജനങ്ങളോട് ആദരം കാട്ടുന്നത് വരെ അമേരിക്കക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ല; മാര്‍ക്ക് കാര്‍ണിയും കടുത്ത ട്രംപ് വിരോധി

ഒട്ടാവ: മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകുമ്പോഴും ചര്‍ച്ച കാനഡ-അമേരിക്കന്‍ ബന്ധം എങ്ങനെ മുമ്പോട്ട് പോകുമെന്നത് തന്നെ. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം ഈ പദവി ഏറ്റെടുക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രിയായി എത്തുന്നത്.

രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയാണ് കാര്‍ണി. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍ണിയെ പിന്തുണച്ചു. 131,674 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണറാണ്.

ജനസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയില്‍ രാജി പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് മാര്‍ക്ക് കാര്‍ണി. നിലവില്‍ കാനഡയും അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാണ്. അതിനിടെയാണ് കാര്‍ണിയുടെ സ്ഥാനാരോഹണം എന്ന കാര്യം ശ്രദ്ധേയമാണ്.

അമേരിക്കക്കെതിരെ തീരുവ ചുമത്തിയ നടപടികള്‍ തുടരുമെന്നു തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നതും. മ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും മാര്‍ക്ക് കാര്‍ണിക്ക് തുണയാകും.

2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചതിലൂടെ ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കാര്‍ണിയുടെ പ്രശസ്തി വര്‍ധിച്ചിരുന്നു. നിലവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നത്. ലിബറല്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാര്‍ക്ക് കാര്‍ണി സാമൂഹികമാധ്യമമായ എക്‌സിലൂടെ ഏവര്‍ക്കും നന്ദി അറിയിച്ചു. ഐക്യപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശക്തരാകുന്നതെന്നും നിങ്ങള്‍ക്ക് നന്ദിയെന്നുമാണ് മാര്‍ക്ക് കാര്‍ണി എക്‌സില്‍ കുറിച്ചത്. നേരത്തേ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂഡോയെ നിരന്തരം കളിയാക്കുകയും അദ്ദേഹത്തെ കാനഡ ഗവര്‍ണര്‍ എന്ന് നിരന്തരമായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കാനഡയോട് അമേരിക്കയിലെ ഒരു സംസ്ഥാനമായാല്‍ തീരുവ പിന്‍വലിക്കാമെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ കാര്‍ണി പ്രഖ്യാപിച്ചിരിക്കുന്നതും കാനഡയിലെ ജനങ്ങളോട് അമേരിക്ക ആദരം കാട്ടുന്നത് വരെ അമേരിക്കക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ല എന്നാണ്. രാജ്യത്തെ ഇരുണ്ട ദിനങ്ങളിലേക്കേ് എത്തിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ട്രംപും കാര്‍ണിയും തമ്മിലുള്ള അങ്കത്തിന് കളമൊരുങ്ങി എന്ന് തന്നെയാണ് കാനഡക്കാര്‍ വിശ്വസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker