EntertainmentNationalNews

മൻസൂർ അലി ഖാന് കനത്ത തിരിച്ചടി: തൃഷയ്ക്കെതിരായ കേസ് കോടതി പിഴ ചുമത്തി തള്ളി

ചെന്നൈ: നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് കനത്ത തിരിച്ചടി. കേസ് മദ്രാസ് ഹൈക്കോടതി തള്ളി. ഒരു കോടി രൂപയാണ് മൻസൂർ അലി ഖാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് നടൻ കേസുമായി കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി വിമർശിച്ചു. കൂടാതെ അദ്ദേഹത്തിന് കോടതി പിഴയും വിധിച്ചു.

ഒരുലക്ഷം രൂപയാണ് മൻസൂർ അലി ഖാൻ പിഴയായി നൽകേണ്ടത്. പണം അഡയാർ കാൻസർ സെന്ററിന് കൈമാറണമെന്നും നിർദേശമുണ്ട്. നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്.

അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരേ മൻസൂർ അലി ഖാൻ നടത്തിയ പരാമർശമാണ് വിവാദമായത്. ‘ലിയോ’യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരേ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ മൻസൂർ അലിഖാനെതിരേ സിനിമാലോകത്തുനിന്ന് വ്യാപകപ്രതിഷേധമുയർന്നു. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവർ തൃഷയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് താരം മാപ്പുപറഞ്ഞെങ്കിലും തൊട്ടുപിന്നാലെ മാനനഷ്ടക്കേസുമായി രം​ഗത്തെത്തുകയായിരുന്നു.

നടി തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർ എക്സിലൂടെ തന്നെ അപമാനിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു മൻസൂർ അലിഖാൻറെ ആവശ്യം. സമാധാനംകെടുത്തിയെന്നും തനിക്കെതിരേ ഗൂഢാലോചന നടത്തുകയും എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. കൂടാതെ താൻ ആരെയും പരിഹസിച്ചിട്ടില്ലെന്നും തൃഷയടക്കമുള്ളവർ മനഃപൂർവം തന്നെ അപമാനിക്കുകയായിരുന്നെന്നുമാണ് മൻസൂർ അലിഖാൻ ആരോപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker