FeaturedHome-bannerNews

മംഗലാംകുന്ന് കർണൻ ചരിഞ്ഞു

ചെർപ്പുളശ്ശേരി: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്.

എഴുന്നള്ളത്ത് തുടങ്ങുംമുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപാണ് കർണന്റെ പ്രത്യേകത. കൂടുതൽ ഉയരമുള്ള ആനകൾ കൂട്ടാനകളായെത്തുമ്പോൾപ്പോലും ഈ ‘നിലവു’കൊണ്ടാണ് കർണൻ ശ്രദ്ധേയനാവുന്നത്. ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാനാവും.

എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റാനകളേക്കാൾ കർണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കർണൻറേത്. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണൻ.

വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 91 ൽ വാരണാസിയിൽനിന്നാണ് കർണൻ കേരളത്തിലെത്തുന്നത്. വരുമ്പോൾത്തന്നെ കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോൾ മനിശ്ശേരി കർണനായിരുന്നു.

തലപ്പൊക്ക മത്സരവേളയിൽ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കർണൻ പിടിച്ചുനിൽക്കുന്നത്. കർണനിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker