അമ്മയുടെ പുസ്തകം പ്രകാശനം ചെയ്തു; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ
കൊച്ചി:നടി മഞ്ജു വാര്യരുടെ അമ്മയും നർത്തകിയുമായ ഗിരിജ മാധവന്റെ പുസ്തകം പ്രകാശനം ചെയ്തു. ഓർമക്കുറിപ്പുകളുടെ സമാഹാരമായ നിലാവെട്ടം എന്ന പുസ്തകമാണ് മാതൃഭൂമി മെഗാ പുസ്തകമേളയിൽ വെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തത്. മഞ്ജു വാര്യർ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗൃഹലക്ഷ്മിയിൽ പംക്തികളായി പ്രസിദ്ധീകരിച്ച നിലാവെട്ടം സമാഹരിച്ചാണ് മാതൃഭൂമി ബുക്ക് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സഹോദരൻ മധു വാര്യരും അമ്മയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി.
നേരത്തെ 67-ാം വയസിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഗിരിജാ മാധവൻ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നതിന് നന്ദി എന്നാണ് ഇൻസ്റ്റഗ്രാമിൽ അന്ന് പങ്കുവെച്ച കുറിപ്പിൽ മഞ്ജു പറഞ്ഞത്. ഇത് നിങ്ങളുടെ 67-ാം വയസിലാണ് ചെയ്തിരിക്കുന്നത്. തനിക്കും തന്നെ പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നും മഞ്ജു പറഞ്ഞു.