KeralaNews

മഞ്ജു വാര്യരുടെ പരാതി: മാധ്യമങ്ങള്‍ കാവല്‍ നിന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു: പോലീസിനെതിരെ സനല്‍കുമാര്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ ശല്യം ചെയ്‌തെന്നു ആരോപിച്ചു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോഴിതാ, കേരള പോലീസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

ഇരുചെവി അറിയാതെ തന്നെ പിന്തുടര്‍ന്ന് പിടിച്ചുകൊണ്ട് പോയ പോലീസിന്റെ ഗൂഢാലോചന പാളിയത് എഫ് ബി ലൈവ് കാരണമായിരുന്നുവെന്നും മാധ്യമങ്ങള്‍ കാവല്‍ നിന്നില്ലായിരുന്നെങ്കില്‍ താന്‍ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നുവെന്നും സനല്‍ പറയുന്നു

സംവിധായകന്റെ കുറിപ്പ് ഇങ്ങനെ,

ഇരുചെവി അറിയാതെ എന്നെ പിന്തുടര്‍ന്ന് പിടിച്ചുകൊണ്ട് പോയ പോലീസിന്റെ ഗൂഢാലോചന പാളിയത് എന്റെ എഫ് ബി ലൈവ് കാരണമായിരുന്നു. അധികം ഫോളോവേഴ്സ് ഒന്നുമില്ലെങ്കിലും എന്റെ എഫ്ബി ഇന്‍സ്റ്റാഗ്രാം അകൗണ്ടുകള്‍ എപ്പോഴും ഹാക്ക് ചെയ്യപ്പെടാറുണ്ടായിരുന്നു. എന്റെ സര്‍ക്കാര്‍ വിമര്‍ശന പോസ്റ്റുകള്‍ ആണ് കാരണം എന്ന് ഞാന്‍ കരുതിയിരുന്നു. എന്നെ പിടിച്ചുകൊണ്ട് പോകുമ്പോള്‍ പോലീസ് വണ്ടിയിലിരുന്ന പോലീസുകാരന്‍ തനിക്ക് വന്ന ഒരു ഫോണ്‍ കോളിന് മറുപടി പറയുമ്പോള്‍ പുച്ഛത്തോടെ ‘സാറേ ഇവന്‍ ലൈവ് ഒക്കെ പോയിട്ടുണ്ട് അതൊന്ന് വൈറലാക്കി കൊടുക്ക് സാറേ’ എന്ന് പറയുന്നത് കേട്ടു.

എന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് പോലീസിനോ അവര്‍ക്ക് വേണ്ടപ്പെട്ട ആര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയുന്നവിധം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് എനിക്കപ്പോള്‍ മനസിലായി. പക്ഷെ അവരുടെ പദ്ധതികള്‍ തകര്‍ത്തത് എന്റെ ലൈവ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നെ പാറശാല പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും വണ്ടിക്കുള്ളില്‍ നിന്ന് പുറത്തിറക്കുക പോലും ചെയ്യാതെ പോലീസുകാര്‍ സ്റ്റേഷനിലേക്ക് പോയി. എനിക്ക് പരാതിയുണ്ടെന്നും പാറശാല പോലീസ് സ്റ്റേഷനില്‍ അത് എഴുതി നല്‍കാന്‍ അനുവദിക്കണമെന്നും പാറശാല പോലീസിനോട് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ അത് കേട്ട ഭാവം നടിച്ചില്ല.

പക്ഷെ സ്റ്റേഷനുള്ളില്‍ പോയ പോലീസുകാര്‍ പത്തുപതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തിരികെ വന്നു എന്നെ പുറത്തിറക്കി സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി. അപ്പോള്‍ സ്റ്റേഷനുള്ളിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ ഏഷ്യാനെറ്റ് ചാനലില്‍ എന്റെ ലൈവ് ഓടുന്നുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അവിടെ എന്നെ പുറത്തിറക്കിയതെന്നും അറസ്റ്റു രേഖപ്പെടുത്തുകയും ദേഹപരിശോധന നടത്തിയതെന്നും എനിക്കുറപ്പുണ്ട്.

മാധ്യമങ്ങള്‍ കാവല്‍ നിന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു എന്നെനിക്ക് മനസിലായി. ജാമ്യം കിട്ടി പുറത്തുവന്നാലും ഞാന്‍ ഇതൊന്നും പുറത്തുപറയാതിരിക്കാനാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് എന്റെ ആക്‌സസ് നിഷേധിച്ചത്. പൗരന്റെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറാനും കള്ളകേസുകളില്‍ കുടുക്കാനും പോലീസിലെ ഒരു വിഭാഗത്തെ കയറൂരി വീട്ടിരിക്കുന്നത് ഭരണ കൂടം തന്നെയാണ്.

തങ്ങള്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഭരണഘടനയെ തള്ളിപ്പറയാന്‍ അതിനുള്ളിലുള്ളവര്‍ തന്നെ ധൈര്യപ്പെട്ടതും. ഭരണകൂടത്തിന്റെ കൈകള്‍ സംശുദ്ധമാണെങ്കില്‍ പോലീസിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കട്ടെ തടയിടട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker