മദ്യപാനം,പ്രൊപ്പോസല്‍; മഞ്ജു വാര്യരുടെ മറുപടി
കൊച്ചി:മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാളത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട മറ്റൊരു നടി ഇല്ലെന്നാണ് സിനിമാ ലോകം പറയുന്നത്. മൂന്ന് വർഷം സിനിമകളിൽ അഭിനയിച്ച് വിവാഹ ശേഷം മഞ്ജു അഭിനയ രംഗത്തോട് വിട പറഞ്ഞപ്പോൾ ആരാധകർ ഏറെ വിഷമിച്ചിരുന്നു.
നീണ്ട 13 വർഷം മഞ്ജുവിന്റെ തിരിച്ചു വരവിനായി പ്രേക്ഷകർ കാത്തിരുന്നു. ഇടവേളയ്ക്ക് ശേഷം നടി ഒരു പരസ്യ ചിത്രത്തിൽ കേരളത്തിലെ അഭിനയിച്ചപ്പോൾ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ആദ്യ പേജിൽ വാർത്ത വന്നു.
റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയപ്പോൾ ആരാധകർ സിനിമ വൻ വിജയം ആക്കി. പിന്നീട് സിനിമളിൽ സജീവ സാന്നിധ്യം ആയി മഞ്ജു വാര്യർ മാറി. രണ്ടാം വരവിൽ തമിഴകത്തും മഞ്ജു അഭിനയിച്ചു.
അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ വൻ ജനപ്രീതി നേടാൻ മഞ്ജുവിന് കഴിഞ്ഞു. തുനിവ് ആണ് മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം. ചിത്രത്തിൽ അജിത്ത് ആണ് നായകനായെത്തുന്നത്. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യർ.
ഇപ്പോഴിതാ ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് മഞ്ജു നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രാെമോഷൻ പരിപാടികളിൽ പൊതുവെ സിനിമയെക്കുറിച്ച് മാത്രമാണ് മഞ്ജു സംസാരിക്കാറ്. എന്നാൽ തമിഴ് അഭിമുഖത്തിൽ ചില വ്യക്തിപരമായ കാര്യങ്ങളും മഞ്ജുവിനോട് ചോദിച്ചു.
മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആൾ ആര് തുടങ്ങിയവ ആയിരുന്നു മഞ്ജു വാര്യർക്ക് നേരെ വന്ന ചോദ്യങ്ങൾ. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്ന് മഞ്ജു മറുപടി നൽകി. ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാൻ പറ്റില്ലെന്നും നടി പറഞ്ഞു.
രസകരമായ മറ്റ് ചോദ്യങ്ങൾക്കും മഞ്ജു വ്യക്തമായ മറുപടി നൽകിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാൻ പറ്റില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.
ഇഷ്ടപ്പെട്ട നടനെ പറ്റി ചോദിച്ചപ്പോഴും മഞ്ജു നൽകിയ മറുപടി ഇത്തരത്തിലായിരുന്നു. ‘സിനിമയ്ക്ക് പുറത്ത് നിന്നുള്ളവരോടാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത്. ആരെയും ബാധിക്കുന്നതിനാലല്ല ഞാൻ മറുപടി പറയാത്തത്. സത്യമായും അത് ബുദ്ധിമുട്ട് ആയതിനാലാണ്. പ്രത്യേകിച്ചും സിനിമയ്ക്കുള്ളിൽ നിന്നാവുമ്പോൾ ഓരോരുത്തരുടെ ഓരോ ഗുണങ്ങൾ അറിയാം. അതിനാൽ ഒരാളെ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അത് ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല,’ മഞ്ജു പറഞ്ഞതിങ്ങനെ.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരിടത്തും തുറന്ന് പറയാത്ത താരമാണ് മഞ്ജു വാര്യർ. സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ ആണ് നടിയുടെ ജീവിതത്തിൽ നടന്നതെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ ഇതേക്കുറിച്ച് ഒരു വാക്ക് നടി പറയാറില്ല. മലയാളത്തിലെ അഭിമുഖങ്ങളിൽ ക്രഷ് ആരാണ്, പ്രണയം തുടങ്ങിയ ചോദ്യങ്ങളൊന്നും മഞ്ജുവിന് നേരെ വരാറുമില്ല.
തുനിവിന് പുറമെ മഞ്ജുവിന്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങാൻ ഉണ്ട്. മലയാളത്തിൽ വെള്ളരി പട്ടണം, ആയിഷ തുടങ്ങിയവ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകൾ. ജാക്ക് ആന്റ് ജിൽ ആണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.