മഞ്ജുവിന് സ്വന്തം ‘ഹോം’മകള്‍ക്കൊപ്പം താമസം മാറ്റി താരം
കൊച്ചി:ഹോം എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ മികച്ച അഭിനയം പുറത്തെടുത്ത നടിയാണ് മഞ്ജു പിള്ള. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. ഇപ്പോഴിതാ സ്വന്തമായി ഒരു ‘ഹോം’ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു. പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ഇതിന്റെ വീഡിയോ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസ നേര്‍ന്നു. കസവു സാരിയും മുല്ലപ്പൂവും ചൂടി കേരള സ്റ്റൈലിലാണ് മഞ്ജു ചടങ്ങില്‍ പങ്കെടുത്തത്. കൂടെ മകള്‍ ദയേയും കാണാം. ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത്ത് ഷൂട്ടിങ് തിരക്കുകളിലാണെന്നും അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയില്ലെന്നും മഞ്ജു പോസ്റ്റിന് താഴെ കമന്റില്‍ വ്യക്തമാക്കുന്നുണ്ട്.
എറണാകുളം കളമശ്ശേരിയിലാണ് പുതിയ ഫ്‌ളാറ്റ്. മൂന്ന് ബെഡ് റൂമുകളും വിശാലമായ ബാല്‍ക്കണിയും ലിവിങ് റൂമും അടുക്കളുയുമാണുള്ളത്. മനോഹരമായി ഇന്റീരിയറും ഫര്‍ണിഷിങും ചെയ്തിട്ടുണ്ട്. സ്വീകരണ മുറിയില്‍ മഞ്ജുവും മകളും ചേര്‍ന്നുനില്‍ക്കുന്ന ഒരു വലിയ കളര്‍ ചിത്രം ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി വൈറ്റിലയിലെ വാടക ഫ്‌ളാറ്റിലാണ് മഞ്ജുവും കുടുംബവും താമസിച്ചിരുന്നത്. കളമശ്ശേരിയിലെ ഫ്‌ളാറ്റിന്റെ ജോലി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് കുറേകാലം പണി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.