23.7 C
Kottayam
Sunday, May 26, 2024

മണിപ്പുർ കലാപം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നാളെ? ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

Must read

ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പുരിലെ വംശീയ കലാപത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രമേയത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, മണിപ്പുർ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചു. കത്തിന്റെ പകർപ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘‘മണിപ്പുര്‍ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. എല്ലാ പാർട്ടികളിൽനിന്നും സഹകരണം തേടുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’– ട്വീറ്റിൽ പറയുന്നു. 

വർഷകാല സമ്മേളനം വ്യാഴാഴ്ച ആരംഭിച്ചതു മുതൽ മണിപ്പുർ വിഷയത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ആവർത്തിച്ചുള്ള സഭാസ്തംഭനത്തിൽ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുതിർന്ന പ്രതിപക്ഷ നേതാക്കളുമായി ഫോൺ സംഭാഷണം നടത്തുകയും പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week