NationalNews

മണിപ്പൂരില്‍ സംഘ‌ർഷത്തിന് അയവില്ല,നാല് പേർ വെടിയേറ്റു മരിച്ചു, സംസ്ഥാന സർക്കാർ പരാജയമെന്ന് സി.പി.എം

ഇംഫാൽ: മണിപ്പൂരില്‍ സംഘ‌ർഷത്തിന് അയവില്ല. ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാല് പേർ വെടിയേറ്റു മരിച്ചു. ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തി. അതിനിടെ, മണിപ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളില്‍ 9 പേരെ സംസ്ഥാന സർക്കാർ തിങ്കളാഴ്ച നാട്ടിലെത്തിക്കും.

സംസ്ഥാന സർക്കാര്‍ പരാജയമെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. സൈന്യത്തെ നിയോഗിച്ചിട്ടുള്ളതിനാല്‍ സംഘർഷം കുറ‍ഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങള്‍ തുടരുകയാണെന്നും സിപിഎം വിലയിരുത്തി. സംസ്ഥാന സർക്കാര്‍, സംഘർഷം കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്രസർക്കാരിനും അതൃപ്തിയുണ്ട്.

പതിമൂവായിരം പേരെയാണ് സൈന്യം മണിപ്പൂരിലെ കലാപ മേഖലകളില്‍ നിന്ന് ഇതുവരെ ഒഴുപ്പിച്ചത്. ഇവരെ സൈനിക ക്യാന്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംഘർഷം വ്യാപിച്ചതോടെ  അതിർത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തു.

ചുരാചന്ദ്പ്പൂരില്‍ സൈന്യം ഒഴുപ്പിക്കല്‍ നടത്തുന്പോള്‍ സംഘർഷമുണ്ടായതിന് പിന്നാലെ നാല് പേർ വെടിയേറ്റ് മരിച്ചു. ഇംഫാലില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ലെറ്റ്മിന്‍താങ് ഹകോപിനെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിറക്കിയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവത്തെ ഐആർഎസ് അസോസിയേഷൻ ശക്തമായി അപലപിച്ചു. മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ കേന്ദ്രസർവകലാശാലയിലെ 9 പേരെ  കൊല്‍ക്കത്ത വഴിയാണ് നാട്ടിലെത്തിക്കുക. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടു.

മണിപ്പൂരിലെ കലാപം നേരിടുന്നതില്‍ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായെന്നതാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. സംഘർഷസാധ്യത മുൻകൂട്ടി കാണാനോ, വേഗത്തിൽ ഇടപെടാനോ കഴിഞ്ഞില്ല. ഇടഞ്ഞു നിൽക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളെ സമാധാന ചർച്ചക്ക് വിളിച്ചില്ലെന്നുതും കേന്ദ്രത്തിന് അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

അനുച്ഛേദം 355 പ്രകാരം സംസ്ഥാനത്ത് ക്രമസമാധാന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ പരാജയമെന്ന് കുറ്റപ്പെടുത്തിയ സിപിഎം  കേന്ദ്രസേന ഉള്ളതിനാല്‍ സംഘർഷം കുറഞ്ഞിട്ടുണ്ടെങ്കിലും പലയിടത്തും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു. സംസ്ഥാനത്ത് സർവകക്ഷിയോഗം വിളിച്ച് സമാധാനം ഉറപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker