NationalNews

മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വെച്ചു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. സംസ്ഥാനത്ത് തന്റെ നേതൃത്വത്തിന് എതിരെയുളള വിമത കലാപം തണുപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമായും ബിരേന്‍ സിങ്ങിന്റെ രാജി. ബജറ്റ് സമ്മേളനത്തില്‍, കോണ്‍ഗ്രസ് നാളെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി.

വൈകിട്ട് മന്ത്രിമാര്‍ക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറി. സഭയില്‍ കോണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചെങ്കലും ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യയുണ്ടായിരുന്നു. എന്നിരുന്നാലും അവിശ്വാസ പ്രമേയം വോട്ടിനിട്ടാല്‍, നേതൃമാറ്റം ആവശ്യപ്പെടുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ബിജപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ബിരേന്‍ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞത്.

പാര്‍ട്ടിയിലെ കുക്കി എംഎല്‍എമാര്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി പദത്തില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ബിരേന്‍ സിങ്ങിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ബിരേന്‍ സിങ്ങിനെ അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്.

കോണ്‍ഗ്രസ് പിസിസി അധ്യക്ഷനും എംഎല്‍എയുമായ കെ.മേഘ്‌ന ചന്ദ്രസിങ് ബിരേന്‍ സിങ്ങിനെതിരെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ നോട്ടിസിനു പിന്നാലെ ബിരേന്‍ സിങ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും എല്ലാ എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രാജി എന്ന കേന്ദ്രആവശ്യത്തിനു മുന്നില്‍ ബിരേന്‍ സിങ് വഴങ്ങിയത്.

നിലവില്‍ 60 അംഗ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 49 അംഗങ്ങളുണ്ട്. ബിജെപി – 38, എന്‍പിഎഫ് 6, ജെഡിയു 2, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണു കക്ഷിനില. പ്രതിപക്ഷത്തു കോണ്‍ഗ്രസിനും കുക്കി പീപ്പിള്‍ അലയന്‍സിനും 2 വീതം അംഗങ്ങളുണ്ട്. മറ്റൊരു കക്ഷിയായ എന്‍പിപി, നേരത്തേ എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 6 അംഗങ്ങളാണ് നിയമസഭയില്‍ എന്‍പിപിക്ക് ഉള്ളത്.

12 ഓളം എം എല്‍ എമാരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കലഹം തുടര്‍ന്നിരുന്നത്. ആറോളം എം എല്‍ എമാര്‍ മറുകണ്ടം ചാടുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതുകൂടാതെ സ്പീക്കറും മുഖ്യമന്ത്രിയും തമ്മിലും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്താന്‍ മണിപ്പൂരിലെ വിമതകലാപം വഴിയൊരുക്കുമെന്ന് കണ്ട കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടുകയായിരുന്നു.

ഇന്നുരാവിലെ ഡല്‍ഹിയില്‍ എത്തിയ ബിരേന്‍ സിങ് കേന്ദ്ര മന്ത്രി അമിത്ഷായും പാര്‍ട്ടി ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി തീരുമാനം എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker