കോട്ടയം: പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജോസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പന്‍ പരാതി നല്‍കിയത്.
പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം പാലായില്‍ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് ഉള്ളതെന്നും ജോസ് കെ മാണി പ്രതികരിച്ചു.
പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. മദ്യവും പണവും ഒഴുക്കി വോട്ട് നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാര്യം തനിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. പാലയില്‍ കടുത്ത മത്സരമില്ല. യു.ഡി.എഫിന് 15000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
അതേസമയം പാലായില്‍ ജോസ് കെ മാണിക്കെതിരെ സേവ് സിപിഐഎമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിന്നു. ജോസ് കെ മാണി കുലം കുത്തിയാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടിയിരിന്നു. പാലാ നഗരസഭയില്‍ സിപിഐഎം കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാലാ നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചത്.