14മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണയാൾ മരിച്ചു, ദുരൂഹത ബാക്കി
ന്യൂഡല്‍ഹി:കേശോപുര്‍ മാണ്ഡിയിലെ ഡല്‍ഹി ജല്‍ ബോര്‍ഡ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു. ഡൽഹി മന്ത്രി അതിഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി വീണയാളെ എന്‍.ഡി.ആര്‍.എഫ്. സംഘമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു. മരിച്ചയാള്‍ക്ക് 30 വയസ്സിനടുത്ത് പ്രായമുണ്ടാകുമെന്നും അവര്‍ അറിയിച്ചു. മൃതദേഹം പുറത്തെടുത്തു.
കുഴല്‍ക്കിണര്‍ മുറിയില്‍ ഇയാള്‍ എങ്ങനെയെത്തിയും കുഴല്‍ക്കിണറിലേക്ക് എങ്ങനെയാണ് വീണതെന്നും പോലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കിയ ദേശീയ ദുരന്തനിവാരണസേനയ്ക്ക് അതിഷി നന്ദി പറഞ്ഞു.പുലര്‍ച്ചെ ഒരു മണിയോടെ ഒരു കുട്ടി കുഴല്‍ക്കിണറില്‍ വീണതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. പിന്നീടാണ് കുട്ടിയല്ല മുതിര്‍ന്ന ആളാണ് വീണതെന്ന് വ്യക്തമായത്. അടച്ചിട്ടിരുന്ന മുറിയിലാണ് കുഴല്‍ക്കിണര്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. മുറിയിൽ പൂട്ടി സീൽ ചെയ്ത കുഴൽ കിണർ തകർത്താണ് വീണആൾ അകത്തു കടന്നത് എന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും ദില്ലി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിങിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താശേഷമാണ് യുവാവിനെ പുറത്തെടുത്തത്. എന്നാല്‍, വൈകിട്ട് മൂന്നോടെ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീണത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.