കോഴിക്കോട്:കൊയിലാണ്ടിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച മുത്താമ്പി തോണിയാടത്ത് ഹനീഫ വഞ്ചനാ കേസിൽ അറസ്റ്റിലായി.വ്യാജരേഖ ചമയ്ക്കൽ വഞ്ചന എനീ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സ്വർണം കസ്റ്റംസ് പിടിച്ചെന്ന വ്യാജ സ്ലിപ് ഉണ്ടാക്കാൻ ഹനീഫയെ സഹായിച്ച ഷംഷാദ് എന്നയാളും പിടിയിലായി. ഇരുവരെയും വൈകാതെ കോടതിയിൽ ഹാജരാക്കും.
കൊടുവള്ളി താമരശേരി സ്വേദേശികൾക്ക് വേണ്ടി ഹനീഫ 700 ഗ്രാം സ്വർണം മെയിൽ വിമാനത്താവളം വഴി കടത്തി കൊണ്ടുവന്നിരുന്നു. ഇത് കസ്റ്റംസ് പിടികൂടിയെന്നു വ്യാജ സ്ലിപ്പുണ്ടാക്കി ഉടമകളെ തെറ്റിദ്ധരിപ്പിച്ചു സ്വർണം തട്ടാനായിരുന്നു ശ്രമം. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് കടത്തു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് മുത്താമ്പി തോണിയാടത്ത് ഹനീഫയെ കാറിലെത്തിയ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മര്‍ദ്ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. പുലര്‍ച്ചെ വീടിന് സമീപം തന്നെ ഹനീഫയെ കൊണ്ടു വിട്ടതായാണ് വിവരം.
പരിക്കേറ്റ ഹനീഫ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴേക്കും ഹനീഫ ആശുപത്രി വിട്ടിരുന്നു.