ന്യൂയോർക്ക്:ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഇന്ന് വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും.
പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു.
ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള റോക്കറ്റുമായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) യാത്രികരുടെ പേടകമായ ഓറിയോൺ വഹിക്കുന്നത്. 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച സാറ്റേൺ ഫൈവ് റോക്കറ്റുകളെക്കാൾ ഉയരം കുറഞ്ഞതാണ് എസ്എൽഎസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോൺ പേടകം. 4 യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
ഫ്ലോറിഡയിലെ വിക്ഷേപണത്തിനു ശേഷം 6 ആഴ്ചയെടുത്താണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കുന്നത്. റോക്കറ്റിന്റെ കോർ സ്‌റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോൾ ഭൂമിയിൽ പതിക്കും. ഭൂമിയിൽ നിന്ന് 3,86,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോൺ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറിൽ 40,000 കിലോമീറ്റർ എന്ന വേഗത്തിൽ പസിഫിക് സമുദ്രത്തിലേക്ക് ഓറിയൺ വീഴും.
9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളർ ചെലവുണ്ട്.
യാത്രികരില്ലെങ്കിലും 3 പാവകളെ ഓറിയോൺ പേടകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ മൂൺക്വിൻ കാംപോസാണു പ്രധാന പാവ. ഹെൽഗ, സോഹർ എന്ന് മറ്റ് 2 പാവയാത്രികർ കൂടിയുണ്ട്. അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാസ എൻജിനീയറായ ആർതുറോ കാംപോസിന്റെ പേരാണ് പ്രധാനപാവയ്ക്കു കൊടുത്തിരിക്കുന്നത്.പാവകൾ അണിഞ്ഞിരിക്കുന്ന സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം നാസ പരിശോധിക്കും. ഇവ ഏൽക്കുന്ന ബഹിരാകാശ വികിരണങ്ങളുടെ തോതും തീവ്രതയും വിവിധ പഠനങ്ങളിലൂടെ വിലയിരുത്തും.