കോട്ടയത്ത് ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. ഈരാറ്റുപേട്ട കട്ടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. മഹീന്ദ്ര റൂറൽ ഫിനാൻസിൽ നിന്നെടുത്ത വായ്പ, കുടിശികയാവുകയും കഴിഞ്ഞ ദിവസം ബാങ്ക് വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മകളുടെ വിവാഹത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഷാജി മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസിൽ നിന്ന് വായ്പയെടുത്തത്. തടിപ്പണിക്കാരനായിരുന്ന ഷാജി പലപ്പോഴായി ഭൂരിഭാഗം തുകയും അടച്ചെങ്കിലും, അവസാന നാല് മാസത്തെ അടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പലിശ കൂടി ചേർത്ത് 19,500 രൂപ നൽകണമെന്ന് കാട്ടി സ്ഥാപനം അന്ത്യശാസനം നൽകുകയായിരുന്നു. തുക അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് കാട്ടി വെള്ളിയാഴ്ചയാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയത്.