27.1 C
Kottayam
Tuesday, May 7, 2024

പൂജ ചെയ്ത് അസുഖം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് 82 ലക്ഷം രൂപ! സംഭവം കൊച്ചിയില്‍

Must read

കൊച്ചി: പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ (19) അലക്‌സാണ് പോലീസ് പിടിയിലായത്. പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്.

പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്സ് അവിടെ റൂം ബോയ് ആയിരുന്നു. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖവും മറ്റും മനസിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാള്‍ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാള്‍ 16 ലക്ഷം രൂപ കൈവശപ്പെടുത്തി.

തുടര്‍ന്ന് പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും ഇനിയും കൂടുതല്‍ പണം വേണമെന്നും പറഞ്ഞ് ഭയപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്തു. പിന്നീട് പ്രതി എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.

പിന്നീട് പണത്തിനായി പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരിന്നു. തുടര്‍ന്നാണ് അവര്‍ പരാതിയുമായി ഡെപ്യൂട്ടി കമ്മീഷണര്‍ പൂങ്കുഴലി ഐപിഎസിന്റെ ഓഫീസില്‍ എത്തുന്നത്. ഡിസിപി അവരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരിന്നു.

അപഹരിച്ച പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതി വാങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week