ഭോപ്പാല്‍: പുതുതായി തയ്പ്പിച്ച അടിവസ്ത്രത്തിന് നീളം കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി തയ്യല്‍ക്കാരനെതിരെ പരാതിയുമായി മധ്യവയസ്കന്. 46കാരനായ ഭോപ്പാല്‍ സ്വദേശി കൃഷ്ണകുമാര്‍ ദുബെയാണ് അടിവസ്ത്രത്തിന് നീളം കുറഞ്ഞെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തില്‍ തയ്യല്ക്കാരനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. അടിവസ്ത്രം തയ്ക്കാനായി ആകെ രണ്ട് മീറ്റര്‍ തുണി വാങ്ങിച്ചുനല്കിയെന്നാണ് ദുബെ പറയുന്നത്. എന്നാല്‍ തയ്ച്ച് കിട്ടിയപ്പോള്‍ നീളം കുറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീളം കൂട്ടിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്ക്കാരന് തയ്യാറായില്ലെന്നും ദുബെ ആരോപിച്ചു.
70 രൂപയാണ് തയ്യല്ക്കാരന് ഈടാക്കിയത്. ഇതില്‍ ഇലാസ്റ്റിക് ചരടിന്റെ പണം ഉള്‍പ്പെട്ടിട്ടില്ലെന്നും നീളം കുറഞ്ഞ അടിവസ്ത്രം നല്കി തയ്യല്ക്കാരന് വഞ്ചിച്ചെന്നും ദുബെ ആരോപിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്. ഇതിനിടെയാണ് തയ്യല്‍ക്കാരനും തന്നെ വഞ്ചിച്ചതായി ദുബെ പറയുന്നത്.